നടി ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍; സഹതാരത്തെ ചോദ്യംചെയ്യുന്നു
|ഷൂട്ടിങ്ങിനിടെ സെറ്റിലെ മേക്കപ്പ് റൂമിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
മുംബൈ: സീരിയൽ നടി തുനിഷ ശർമയെ ഷൂട്ടിങ്ങിനിടെ സെറ്റിലെ മേക്കപ്പ് റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് നടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സഹതാരം ഷീസൻ മുഹമ്മദ് ഖാനെ നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യംചെയ്യുകയാണ്.
സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20കാരിയായ നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തുനിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുനിഷ ജീവനൊടുക്കിയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വാലിവ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
ആലി ബാബ: ദസ്താൻ-ഇ-കാബൂളില്‍ തുനിഷയ്ക്കൊപ്പം അഭിനയിച്ച ഷീസൻ മുഹമ്മദ് ഖാനെതിരെ അന്വേഷണം നടത്തുന്നത് തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. മകളും ഷീസനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഷീസനെ ചോദ്യംചെയ്യുകയാണെന്ന് എസിപി ചന്ദ്രശേഖര്‍ ജാദവ് പറഞ്ഞു. നടിയുടെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. സെറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
ബാലതാരമായാണ് തുനിഷ അഭിനയം തുടങ്ങിയത്. സോണി ടിവിയില്‍ 'മഹാറാണ പ്രതാപ്' എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ചു. അതിനുശേഷം നിരവധി സീരിയലുകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. കത്രീന കൈഫിന്റെ കഥാപാത്രങ്ങളുടെ ബാല്യകാല വേഷങ്ങൾ പലപ്പോഴും ചെയ്തത് തുനിഷയാണ്. ഫിതൂർ, ബാർ ബാർ ദേഖോ, കഹാനി 2, ദബാങ് 3 തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച സിനിമകള്‍.
Summary- Tunisha Sharma a television actor on Saturday found dead on the set of a serial in Vasai in Maharashtra's Palghar district