‘മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിന് പിന്നിൽ അദാനി?’; ചോദ്യങ്ങളുമായി പ്രതിപക്ഷം
|‘എന്തുകൊണ്ടാണ് ഒരു വ്യവസായി മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ഇത്ര ശ്രദ്ധയോടെ പ്രവർത്തിക്കുന്നത്?’
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലെത്തിയതിന് പിന്നിൽ വ്യവസായി ഗൗതം അദാനിക്ക് ബന്ധമുണ്ടോയെന്ന ചോദ്യവുമായി പ്രതിപക്ഷം. ശിവ സേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദിയാണ് ഇതുസംബന്ധിച്ച ചോദ്യം ആദ്യം ഉന്നയിച്ചത്. എൻസിപി നേതാവ് അജിത് പവാർ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ചോദ്യം.
‘മുതിർന്ന മന്ത്രി ഡിജിറ്റൽ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിൽ, മഹാരാഷ്ട്രയിൽ എങ്ങനെ ബിജെപിയെ അധികാരത്തിലെത്തിക്കാമെന്നത് സംബന്ധിച്ച യോഗങ്ങളിൽ ഗൗതം അദാനിയും ഇരുന്നതായി പറയുന്നു. ഇത് ചില ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അദ്ദേഹം ബിജെപിയുടെ അംഗീകൃത ഇടനിലക്കാരനാണോ? സഖ്യങ്ങൾ ശരിയാക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നൽകിയിട്ടുണ്ടോ? എന്തുകൊണ്ടാണ് ഒരു വ്യവസായി മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ഇത്ര ശ്രദ്ധയോടെ പ്രവർത്തിക്കുന്നത്? പറയൂ ധാരാവി പറയൂ’ -എന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റ്.
കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാന ചോദ്യവുമായി രംഗത്തുവന്നു. ‘മോദിയും അദാനിയും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിൽ ഇനി മറ്റൊന്നുമില്ല എന്ന് നിങ്ങൾ കരുതുമ്പോൾ, ലജ്ജിപ്പിക്കുന്ന പുതിയ ഉദാഹാരണം പുറത്തുവരും. സർക്കാരുകളെ താഴെയിറക്കാനുള്ള ചർച്ചകളുടെ ഭാഗമാകാൻ ഒരു ബിസിനസുകാരനെ എങ്ങനെ ഔദ്യോഗികമായി അനുവദിക്കാനാകും?’ -പവൻ ഖേര ‘എക്സി’ൽ കുറിച്ചു. അദാനി പങ്കെടുത്ത യോഗത്തിൽ താനുമുണ്ടായിരുന്നുവെന്ന് എൻസിപി നേതാവ് അജിത് പവാർ പറയുന്ന വിഡിയോയും അദ്ദേഹം ട്വീറ്റിന്റെ കൂടെ പങ്കുവെച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ധാരാവി പുനർവികസന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരാണ്. അദാനിക്ക് കീഴിലെ കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞവർഷം 5069 കോടി രൂപക്കാണ് ഇതിന്റെ കരാർ അദാനി നേടിയെടുത്തത്. 594 ഏക്കർ വരുന്ന ചേരിപ്രദേശം ആധുനിക നഗരമാക്കി മാറ്റാനാണ് പദ്ധതി. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. 58,000 കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ 12,000ത്തോളം വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
നിയമവിരുദ്ധമായിട്ടാണ് അദാനിക്ക് കരാർ നൽകിയിട്ടുള്ളതെന്ന് കാണിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പദ്ധതി പ്രധാന ചർച്ചാ വിഷയമാണ്. 2000ത്തിന് മുമ്പ് ഇവിടെ താമസം ആരംഭിച്ചവർക്ക് മാത്രമേ സൗജന്യമായി ഭൂമിയും വീടും പദ്ധതി പ്രകാരം ലഭിക്കൂ. ആളുകളെ പുനരധിവസിപ്പിക്കാനും ധാരാളം ഭൂമി ആവശ്യമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പദ്ധതിയെ എതിർക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ അദാനിയുടെ കമ്പനിക്ക് നൽകിയ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ധാരാവിയിലെ നിവാസികൾക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടെങ്കിലും നൽകണം. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന് സർക്കാർ ഉടൻ മറുപടി നൽകണം. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. ഇവിടം പുനർവികസിപ്പിക്കാൻ നൽകിയ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത പല ഇളവുകളും അദാനിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ അധിക ഇളവുകൾ നൽകില്ല. ധാരാവിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നല്ലതെന്താണെന്ന് നോക്കി അത് ചെയ്യും. അല്ലാത്തപക്ഷം പുതിയ ടെൻഡർ നൽകുമെന്നും താക്കറെ പറഞ്ഞു.
ധാരാവിയിലെ ഓരോ വീടിനും അധികൃതർ നമ്പർ നൽകുന്നുണ്ട്. ധാരാവി നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിയിൽ അകപ്പെടുത്താനും തുടർന്ന് അവരെ ആട്ടിയോടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരവിയിലുള്ളവരെ മറ്റു സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനായി സർക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ 20 സ്ഥലങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇത്രയും പേരെ ഒഴിപ്പിക്കുന്നത് നഗരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലും ധാരാവി പുനർവികസന പദ്ധതി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു. ധാരാവി ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ ശിവസേന (യുബിടി) സ്ഥാനാർഥിയാണ് വിജയിച്ചത്.