India
AdaniHindenburgcontroversy, SupremeCourtinAdaniHindenburgcontroversy
India

അദാനി-ഹിൻഡൻബർഗ് വിവാദം: മാധ്യമങ്ങളെ തടയില്ലെന്ന് സുപ്രിംകോടതി

Web Desk
|
24 Feb 2023 9:29 AM GMT

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ മുദ്രവച്ച കവറിലുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ കോടതി നേരത്തെ തള്ളിയിരുന്നു

ന്യൂഡൽഹി: അദാനി ഗ്രൂപ്പ്-ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ തടയില്ലെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് ഒരു തരത്തിലുള്ള ഉത്തരവും നൽകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ കോടതി ഉത്തരവ് വരുന്നതുവരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ ശർമയാണ് കോടതിയിൽ ഹരജി നൽകിയത്. യുക്തിസഹമായ വാദങ്ങളുമായി വരാൻ ഹരജിക്കാരനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ ഒരു ഉത്തരവും ഇറക്കില്ലെന്നും ചീഫ് ജസ്റ്റിസിനു പുറമെ പി.എസ് നരസിംഗയും ജെ.ബി പാർദിവാലയും അംഗങ്ങളായ ബെഞ്ച് അറിയിച്ചു.

അദാനി-ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഹരജിയുമായി കോടതിയെ സമീപിച്ച നാലുപേരിൽ ഒരാളാണ് എം.എൽ ശർമ. ഹരജികളിൽ വിധിപറയുന്നത് കോടതി മാറ്റിവച്ചിരുന്നു. വിഷയത്തിൽ മുദ്രവച്ച കവറിലുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ കോടതി തള്ളുകയും ചെയ്തിരുന്നു. ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സനും അദ്ദേഹത്തിന്റെ ഇന്ത്യയിലെ സഹായികൾക്കുമെതിരെ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്യണമെന്ന് ശർമ കേന്ദ്ര ആഭ്യന്തര വകുപ്പിനോടും സെബിയോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Summary: Supreme Court rejects plea to gag media from reporting on Adani row in Hindenburg Research report

Similar Posts