ഹിൻഡൻബർഗ് റിപ്പോർട്ട്: മുദ്രവെച്ച കവറിൽ കേന്ദ്രം സമർപ്പിച്ച പേരുകൾ തള്ളി സുപ്രിംകോടതി
|ഓഹരിവിപണിയിലെ തകർച്ച പഠിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് കോടതി
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ഓഹരിവിപണിയിലെ തകർച്ച പഠിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച പേരുകൾ സമിതിയിൽ ഉൾപ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നൽകിയ പേരുകൾ അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയാണെന്ന തോന്നൽ ഉണ്ടാകുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
കോടതിയുടെ തിരക്കുകൾ കാരണം സിറ്റിംഗ് ജഡ്ജിയെ വെക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലാ ഏജൻസികളും സമിതിയുമായി സഹകരിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം, ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സത്യം പുറത്തുകൊണ്ടുവരണമെന്നും അദാനിക്കെതിരായ ഏത് അന്വേഷണത്തിന് തയ്യാറെന്നും കേന്ദ്രം അറിയിച്ചു.
അദാനിക്കെതിരായ ആരോപണവും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണുൾപ്പെടെയുള്ള ഹരജിക്കാർ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. സെബി ഉൾപ്പെടേയുള്ള റെഗുലേറ്റിങ് ഏജൻസികൾക്ക് തെറ്റ് പറ്റിയെന്ന മുൻവിധിയോടെ കേസിനെ സമീപിക്കാനില്ലെന്ന് കോടതി അറിയിച്ചു.അദാനിയുടമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഉത്തരവ് പറയാൻ മാറ്റിവെച്ചു.