India
Rahul Gandhi
India

അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദി; രാഹുൽ ഗാന്ധി

Web Desk
|
21 Nov 2024 7:44 AM GMT

ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

''അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്''- രാഹുല്‍ ഗാന്ധി പറഞ്ഞു.

''വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം.

കൂടാതെ, തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു.

Similar Posts