ഓഹരിത്തകർച്ച: അദാനിയുടെ പുതിയ നിക്ഷേപ പദ്ധതിക്ക് ഒരു ശതമാനം പേരുടെ മാത്രം പിന്തുണ
|ഹിഡൻബർഗ് റിപ്പോർട്ട് എഫ്പിഒ അട്ടിമറിക്കാനുള്ള വിദേശ ശ്രമമാണെന്ന് അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തിയിരുന്നു
മുംബൈ: ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരിവിപണിയിൽ മൂല്യത്തകർച്ച നേരിടുന്ന അദാനി ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതിക്ക് ആദ്യ ദിവസത്തിൽ ഒരു ശതമാനം പേരുടെ മാത്രം പിന്തുണ. അദാനി എൻറർപ്രൈസസിന്റെ ഷെയർ വിൽപ്പനക്കെത്തിയപ്പോൾ വളരെ കുറച്ചുപേരാണ് സ്വീകരിച്ചത്. ഫോളോ ഓൺ പബ്ലിക് ഓഫറെന്ന (എഫ്പിഒ) പദ്ധതിക്കാണ് ഒരു ശതമാനത്തിന്റെ പിന്തുണയിൽ തൃപ്തിപ്പെടേണ്ടി വന്നത്. വെള്ളിയാഴ്ചത്തെ കണക്ക് ബി.എസ്.ഇ വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ പുതിയ നിക്ഷേപകർക്കും നിലവിലുള്ള ഷെയർ ഹോൾഡേഴ്‌സിനും പുതിയ ഷെയർ നൽകുന്ന പ്രക്രിയയാണ് എഫ്.പി.ഒ.
ഇഷ്യൂ ചെയ്ത 4,55,06,791 ഷെയറുകളിൽ 4,70,160 ഷെയറുകൾ മാത്രമാണ് ലേലം ചെയ്യപ്പെട്ടത്. റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ച ഭാഗത്തിൽ 3,99,880 ഓഹരികൾക്ക് ആളെത്തി. 2,29,08,464 ഓഹരികളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഹൈ നെറ്റ്‌വേർത്ത് ഇൻഡിവിഡ്വൽസ് വിഭാഗത്തിലുണ്ടായിരുന്ന 96,16,323 ഷെയറുകളിൽ 60,456 എണ്ണം ലേലം ചെയ്യപ്പെട്ടു. ഇൻസ്റ്റിറ്റിയൂഷനൽ ഇൻവെസ്‌റ്റേഴ്‌സ് വിഭാഗത്തിലാണ് ഏറ്റവും മോശം പ്രതികരണമുണ്ടായത്. ഈ വിഭാഗത്തിലുണ്ടായിരുന്ന 1,28,21,336 ഓഹരികളിൽ 2,656 എണ്ണത്തിനാണ് ആവശ്യക്കാരെത്തിയത്.
അൽ മെഹ്വാർ ഇൻവെസ്റ്റ്മെന്റ്സ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാച്ച്സ്, എൽഐസി, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് തുടങ്ങിയ 30-ലധികം സ്ഥാപന നിക്ഷേപകരിൽ നിന്ന് എഫ്പിഒയ്ക്ക് മുന്നോടിയായി 6,000 കോടി രൂപ സമാഹരിച്ചിരുന്നു. FPO യുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 3,112-3,276 രൂപയാണ്. എന്നാൽ ഓപ്പൺ മാർക്കറ്റിൽ സ്റ്റോക്കിന്റെ വിറ്റുവരവ് പ്രൈസ് ബാൻഡിന് താഴെയുള്ള വിലയിലാണ് നടന്നത്. 18.3 ശതമാനം ഇടിഞ്ഞ് 2,768.50 രൂപയിലാണ് എൻഎസ്ഇയിൽ സ്റ്റോക്ക് അവസാനിച്ചത്. ഇത് എഫ്പിഒയുടെ അടിസ്ഥാന വിലയേക്കാൾ 10% കുറവാണ്.
തെറ്റായ കോർപ്പറേറ്റ് ഭരണം, സ്റ്റോക്ക് വില കൃത്രിമം, ഉയർന്ന ലിവറേജ് എന്നിവ ആരോപിക്കപ്പെട്ട ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് സ്റ്റോക്ക് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2,712 രൂപയിലെത്തി. എന്നാൽ ഗൗതം അദാനി ഗ്രൂപ്പ് ഹിൻഡൻബർഗ് റിസർച്ചിനെതിരെ യുഎസിലെയും ഇന്ത്യയിലെയും കോടതികളിൽ കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നിക്ഷേപക സമൂഹത്തെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും അദാനി ഗ്രൂപ്പിന്റെ സൽപേര് തകർക്കാനും അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ അട്ടിമറിക്കാനുമുള്ള വിദേശ സ്ഥാപനത്തിന്റെ ശ്രമമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ലോകശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ഏഴിലെത്തി ഗൗതം അദാനി
അതിനിടെ, ലോകശതകോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി. ആസ്തിയിൽ ഇന്ന് 22.5 ബില്യൺ ഡോളർ കുറഞ്ഞതിനെത്തുടർന്നാണ് ലോക ശതകോടീശ്വരന്മാരുടെ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ടത്. തന്റെ ആസ്തിയിൽ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. 97.2 ബില്യൺ ഡോളർ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ ഈ 60കാരനുള്ളത്.
ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് അദാനിക്ക് വൻ തിരിച്ചടികൾ നേരിട്ടത്. തങ്ങളുടെ റിപ്പോർട്ടിൽ പൂർണമായി ഉറച്ചുനിൽക്കുന്നുവെന്നും തങ്ങൾക്കെതിരെ എടുക്കുന്ന നിയമനടപടികൾ നിരർത്ഥകമാകുമെന്നും ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗൗതം അദാനിയുടെ ആസ്തി 18.85 ശതമാനം ഇടിഞ്ഞതോടെയാണ് 22.5 ബില്യൺ ഡോളർ നഷ്ടപ്പെട്ടത്. ആദ്യ അഞ്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നഷ്ടമായതിന് പുറമെ, 100 ബില്യൺ ഡോളർ ക്ലബ്ബിൽ അദ്ദേഹത്തിന്റെ പേരില്ലാതായി.
രണ്ടു ദിവസത്തിനിടെ ഒലിച്ചു പോയത് നാലു ലക്ഷം കോടിയിലേറെ രൂപ
രണ്ടു ദിവസത്തിനിടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ നിന്ന് നാലു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചു പോയത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി വിൽമർ, അദാനി പവർ, അംബുജ സിമന്റ്, എസിസി, അദാനി ടാൻസ്‌പോർട്ടേഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, എൻഡിടിവി എന്നിവയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ. ഇതിൽ അദാനി ടോട്ടലിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 1.6 ലക്ഷം കോടി രൂപയാണ് ടോട്ടൽ ഗ്യാസിൻറെ മൂല്യത്തിൽനിന്ന് നഷ്ടമായത്. അദാനി ട്രാൻസ്‌പോട്ടേഷന്റെ വിപണിമൂല്യത്തിൽ നിന്ന് 83,000 കോടിയും ഗ്രീനിന്റെ മൂല്യത്തിൽനിന്ന് 68,000 കോടിയും നഷ്ടമായി. അദാനി എന്റർപ്രൈസസ് 63,000 കോടി പോർട്‌സ് 41,000 കോടി, വിൽമർ 7000 കോടി, പവർ 10300 കോടി, അംബുജ സിമെന്റ്‌സ് 31,000 കോടി, എസിസി 11,200 കോടി, എൻഡിടിവി 1,800 കോടി എന്നിങ്ങനെയാണ് രണ്ടു ദിവസത്തിനിടെ മറ്റു കമ്പനികളുടെ നഷ്ടമെന്ന് സിഎൻബിസി-ടിവി18 റിപ്പോർട്ടു ചെയ്യുന്നു.
വെള്ളിയാഴ്ച ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അംബുജ സിമന്റ്‌സിനാണ്. 24.99 ശതമാനം മൂല്യമിടിവാണ് കമ്പനി നേരിട്ടത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി പോർട്‌സ്, ഗ്രീൻ എനർജി എന്നിവയ്‌ക്കെല്ലാം 20 ശതമാനത്തിൽ കൂടുതൽ ഇടിവു നേരിട്ടു. ഉച്ച വരെ 19.49 ശതമാനം ഇടിവാണ് എസിസിക്കുണ്ടായത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന വ്യാഴാഴ്ച 85000 കോടി രൂപയാണ് വിപണി മൂല്യത്തിൽനിന്ന് അദാനി ഗ്രൂപ്പിന് നഷ്ടമായിരുന്നത്. ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് അദാനി ഓഹരികളുടെ വ്യാപാരം നടക്കുന്നത് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചിരുന്നത്. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി അറിയിച്ചിരുന്നു.
അതിനിടെ, ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യത അദാനി ഗ്രൂപ്പ് ചോദ്യം ചെയ്തതിന് പിന്നാലെ, റിപ്പോർട്ടിനെ അനുകൂലിച്ച് യുഎസ് ശതകോടീശ്വരനായ ബിൽ അക്മാൻ രംഗത്തെത്തി. മികച്ച ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ അതീവ വിശ്വാസയോഗ്യമായ റിപ്പോർട്ട് എന്നാണ് അക്മാൻ ട്വിറ്ററിൽ പ്രതികരിച്ചത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഒറ്റ ദിവസം നേരിട്ടത്. ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളും നഷ്ടം നേരിടുകയാണ്. ഹിഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഹിഡൻബർഗ് കണ്ടെത്തൽ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡൻബർഗിന്റെ കണ്ടെത്തൽ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡൻബർഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡൻബർഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളിൽ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വർഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് തിരിച്ചടിച്ചു.
അദാനി ഗ്രൂപ്പിന്റെ ഓഹരിയിടിവ്; എൽ.ഐ.സിക്കും എസ്.ബി.ഐക്കും വമ്പൻ തിരിച്ചടിയെന്ന് വിമർശനം
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തിയത് അവയിൽ വൻകിട നിക്ഷേപം നടത്തിയ എൽ.ഐ.സിക്കും എസ്.ബി.ഐക്കും വൻ തിരിച്ചടിയാകുമെന്ന് നിരീക്ഷണം. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ മൂല്യത്തകർച്ച പൊതുജനങ്ങളുടെ പണം നഷ്ടമാക്കിയെന്ന് കോൺഗ്രസടക്കമുള്ള കക്ഷികൾ ചൂണ്ടിക്കാട്ടി.
'അദാനി ഗ്രൂപ്പിൽ എൽ.ഐസി നിക്ഷേപിച്ചത് 77,000 കോടിയാണ്. നിക്ഷേപ മൂല്യത്തിൽ എൽഐസിക്ക് ഇന്ന് 23,500 കോടി നഷ്ടപ്പെട്ടു. അതായത് 77,000 കോടിയിൽ നിന്ന് 53,000 കോടിയായി മാറി' കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിൽ കുറിച്ചു. എൽഐസി ഇന്ത്യയിലെ ജനങ്ങളുടെ പണമാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ ധനകാര്യമന്ത്രാലയമടക്കം ഇതിന് മറുപടി പറയേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അദാനി വഴി എസ്.ബിഐക്കും വൻ നഷ്ടമുണ്ടാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. 'സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ സ്വകാര്യ ബാങ്കുകളേക്കാൾ ഇരട്ടി അദാനി ഗ്രൂപ്പിന് വായ്പ നൽകിയിട്ടുണ്ട്, അവരുടെ വായ്പയുടെ 40 ശതമാനവും എസ്ബിഐയാണ് നൽകുന്നത്' കോൺഗ്രസ് കുറ്റപ്പെടുത്തി.
'എൽഐസിയുടെ ഇക്വിറ്റി ആസ്തികളുടെ 8%, അഥവാ 74,000 കോടി, അദാനി കമ്പനികളിലാണ്, കമ്പനിയുടെ രണ്ടാമത്തെ വലിയ ഹോൾഡിംഗാണിത്. എസ്ബിഐയുടെ കാര്യത്തിൽ, അതിന്റെ വായ്പയുടെ 40% അദാനി ഗ്രൂപ്പിനാണ്' മാധ്യമ പ്രവർത്തകനായ ആർ. പ്രസാദ് വ്യക്തമാക്കി.
കേന്ദ്രസർക്കാറും ഗൗതം അദാനിയും തമ്മിൽ അവിശുദ്ധബന്ധമാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അദാനിക്കെതിരായ ഹിഡൻ ബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ സെബി, ആർ.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അദാനിയുടെ നിയമവിരുദ്ധ നടപടികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ കണ്ണടക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലം മുതൽ തന്നെ ഗൗതം അദാനിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. സാധാരണയായി രാഷ്ട്രീയപാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഇത്തരം റിപ്പോർട്ടുകളോട് പ്രതികരിക്കാറില്ല. പക്ഷേ ഹിൻഡൻബർഗ് റിപ്പോർട്ടിനോട് പ്രതികരിക്കാതിരിക്കാനാവില്ലെന്നും ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
Adani's FPO scheme gets support from only 1 per cent