രണ്ട് ദിവസത്തിനുള്ളിൽ അദാനിയുടെ സമ്പത്തിലുണ്ടായത് 48 ബില്യൺ ഡോളറിന്റെ ഇടിവ്
|ഫോർബ്സ് മാഗസിന്‍റെ ധനികരുടെ പട്ടികയിൽ അദാനി 7 ാം സ്ഥാനത്ത്
മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായത് 48 ബില്യൺ ഡോളറിന്റെ ഇടിവ്. ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് 800 പോയിന്റ് നഷ്ടത്തിൽ 59,331 ൽ എത്തി.അദാനി എന്റർപ്രൈസസിന് 18 ശതമാനത്തിലധികം നഷ്ടം സംഭവിച്ചു.
അമേരിക്കൻ സാമ്പത്തിക ഗവേഷക ഏജൻസിയായ ഹിൻഡ്ബർഗിന്റെ അന്വേഷണ റിപ്പോർട്ട് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ സമ്പത്തിൽ 48 ബില്യൺ ഡോളറിലധികം ഇടിവുണ്ടായി.അദാനി ട്രാൻസ്മിഷനും അദാനി ഗ്രീൻ എനർജിയും 19.99 ശതമാനം വീതം തകർന്നപ്പോൾ അദാനി ടോട്ടൽ ഗ്യാസ് ലോവർ സർക്യൂട്ടിൽ 20 ശതമാനം ഇടിഞ്ഞു.
അദാനി പോർട്‌സിന് 35000 കോടി രൂപയിലധികം തകർച്ചയും രേഖപ്പെടുത്തി. ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1564 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ബുധനാഴ്ച മാത്രം 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഫോർബ്സിന്റെ ധനികരുടെ പട്ടികയിൽ അദാനി 7 ാം സ്ഥാനത്തേക്ക് എത്തി. അതേ സമയം അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും പിടിച്ചു കുലുക്കിയിട്ടുണ്ട്. ഓഹരി വിപണിയിൽ സെൻസെക്സ് 874 പോയിന്‍റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 282 പോയിന്‍റ് ഇടിവാണ് രേഖപ്പെടുത്തിയത്.