വില 1,446 കോടി; ലണ്ടനില്‍ ആഡംബര ബംഗ്ലാവ് വാങ്ങി വാക്‌സിൻ നിർമാതാവ് അഡാർ പൂനാവാല
|ലണ്ടനിൽ ഇതുവരെ വിറ്റക്കപ്പെട്ട ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീട് കൂടിയാണ് അബര്‍കോൺവേ ഹൗസ്
ലണ്ടൻ: ലണ്ടനിലെ മെയ്‌ഫെയറില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് വാങ്ങാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനവല്ല. ബംഗ്ലാവ് വാങ്ങുന്നതിനുള്ള കരാർ അഡാർ പൂനവല്ല ഒപ്പിട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 138 ദശലക്ഷം പൗണ്ട് അഥവാ 1446 കോടി രൂപയാണ് ഈ വീടിന് വിലവരുന്നത്.
ലണ്ടനിലെ ഹൈഡ് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന 25,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഈ കൂറ്റൻ വീട്. ഈ വർഷം ലണ്ടനിൽ ഏറ്റവും കൂടുതൽ വിലക്ക് വിറ്റ വീടാണ് ഇതെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ പ്രശസ്തമായ ഹൈഡ് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അബർകോൺവേ എന്ന വീട് 1920ൽ നിർമിച്ചതാണ്. അന്തരിച്ച പോളിഷ് വ്യവസായി ജാൻ കുൽസിക്കിന്റെ മകൾ ഡൊമിനിക കുൽസിക്ക് ഈ വീട് പൂനവല്ലയ്ക്ക് വിൽക്കുന്നത്.
പൂനവല്ല കുടുംബത്തിന്റെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയൻസസാണ് വീട് ഏറ്റെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൂനവല്ല കുടുംബത്തിന് യുകെയിലേക്ക് സ്ഥിരമായി മാറാൻ ആലോചനകളൊന്നുമില്ലെന്നും എന്നാൽ യുകെയിലായിരിക്കുമ്പോൾ ഈ വീട് കമ്പനിക്കും കുടുംബത്തിനുമായി പ്രയോജനപ്പെടുത്തുമെന്നും ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിൽ ഇതുവരെ വിറ്റക്കപ്പെട്ട ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീട് കൂടിയാണ് അബർകോൺവേ ഹൗസ്.