India
അതൊരു വലിയ നിക്ഷേപമാവും; ടെസ്‍ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഇലോണ്‍ മസ്കിന് അഡാര്‍ പൂനാവാലയുടെ ഉപദേശം
India

"അതൊരു വലിയ നിക്ഷേപമാവും"; ടെസ്‍ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഇലോണ്‍ മസ്കിന് അഡാര്‍ പൂനാവാലയുടെ ഉപദേശം

Web Desk
|
8 May 2022 1:16 PM GMT

ട്വിറ്റർ വാങ്ങാനുള്ള മസ്കിന്‍റെ നീക്കം എതെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ മൂലധനം ഇന്ത്യയിൽ നിക്ഷേപിക്കാനാണ് പൂനാവാലയുടെ ഉപദേശം

മുംബൈ: ടെസ്‍ല മേധാവി ഇലോൺ മസ്‌കിനോട് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തലവൻ അഡാർ പൂനാവാല. ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മസ്‌കിന്‍റെ നീക്കം എന്തെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ പണം ഇന്ത്യയിൽ നിക്ഷേപിക്കാനാണ് അഡാർ പൂനാവാലയുടെ ഉപദേശം. ടെസ്‍ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകൾ വലിയ തോതിൽ നിർമിക്കാൻ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പൂനാവാല മസ്‌കിനോട് ആവശ്യപ്പെട്ടു.

"ട്വിറ്റർ വാങ്ങാനുള്ള താങ്കളുടെ നീക്കം എതെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ മൂലധനം നിങ്ങൾ ഇന്ത്യയിൽ നിക്ഷേപിക്കൂ. ടെസ്‍ലയുടെ ഉന്നത ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള നിർമാണം ഇന്ത്യയിൽ സാധ്യമാവും. നിങ്ങൾ നടത്തിയതിൽ ഏറ്റവും വലിയ നിക്ഷേപം അതാവും". അഡാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.

ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ തന്നെ നിർമിക്കാൻ തയാറാണെങ്കിൽ ടെസ്‍ലക്ക് ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് നേരത്തെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു. ചൈനയിൽ ഉത്പാദനം നടത്തി ഇന്ത്യയിൽ വിൽക്കാനാണ് നോക്കുന്നതെങ്കില്‍ അത് ഇന്ത്യക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍ക്കുമെന്നും നേരത്തെ ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസമാണ് ഇലോണ്‍ മസ്ക് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിന് മോഹവില പറഞ്ഞത്. 41 ബില്യൻ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് മസ്ക് വിലയിട്ടത്. ഒരു ഓഹരിക്ക് 54.20 ഡോളർ(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Summary :Best Investment": Adar Poonawalla Teases Elon Musk To Make Cars In India

Similar Posts