India
ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ മത്സരിച്ച് ജയിക്കൂ; മമതയെ വെല്ലുവിളിച്ച് അധീര്‍ രഞ്ജന്‍ ചൗധരി
India

'ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ മത്സരിച്ച് ജയിക്കൂ'; മമതയെ വെല്ലുവിളിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

Web Desk
|
12 March 2024 3:08 AM GMT

ഇന്‍ഡ്യ സഖ്യം തകര്‍ന്നാല്‍ അതില്‍ ഒരു പക്ഷെ ഏറ്റവും സന്തുഷ്ടവാന്‍ മോദിയായിരിക്കുമെന്നും ചൗധരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് തനിക്കെതിരെ മത്സരിച്ച് ജയിക്കാന്‍ വെല്ലുവിളിച്ച് സിറ്റിങ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. അഞ്ചുവട്ടം അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയിലെത്തിയ മണ്ഡലത്തില്‍ മുന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഈ തെരഞ്ഞെടുപ്പില്‍ ബഹറാംപൂര്‍ മണ്ഡലത്തില്‍ തനിക്കെതിരെ മത്സരിച്ച് ജയിക്കാന്‍ മമതയെ വെല്ലുവിളിക്കുകയാണെന്നും മമതക്ക് താല്പര്യമില്ലെങ്കില്‍ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ മത്സരിപ്പിക്കണമെന്നും ചൗധരി പറഞ്ഞു. മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി മുഖ്യമന്ത്രിയായ മമതയുടെ തോല്‍വിയാണെന്ന്് അവര്‍ സ്വയം അംഗീകരിക്കണമെന്നും ചൗധരി ആശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മമത പ്രവര്‍ത്തിക്കില്ലെന്ന് ചൗധരി ആരോപിച്ചു. മോദിക്കോ ബി.ജെ.പിക്കോ എതിരെ മമത നേരിട്ട് മത്സരിക്കില്ല. അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന നീക്കം മമതയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഇന്‍ഡ്യ സഖ്യം തകര്‍ന്നാല്‍ അതില്‍ ഒരു പക്ഷെ ഏറ്റവും സന്തുഷ്ടവാന്‍ മോദിയായിരിക്കുമെന്നും ചൗധരി പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം ദീര്‍ഘകാലങ്ങളായി നില്‍ക്കുന്ന മണ്ഡലമാണ് ബഹറാംപൂര്‍. 1999 ല്‍ തുടങ്ങിയ വിജയം മണ്ഡലത്തില്‍ തുടരെ അധീര്‍ രഞ്ജന്‍ ചൗധരി നേടിയിരുന്നു.2019 ല്‍ 591,147 വോട്ടുകളാണ് ചൗധരി നേടിയത്. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായ യൂസഫ് പത്താനെ ഇറക്കി രാഷ്ട്രീയ തന്ത്രത്തിലൂടെ ഈ മണ്ഡലം പിടിച്ചെടുക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.

ഇന്ത്യ സഖ്യത്തോട് പിണങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്കാണ് 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ബഹറാംപൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നു നേരത്തേ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സഖ്യസാധ്യത മങ്ങിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കുകയായിരുന്നു.

Similar Posts