'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് അധീർ രഞ്ജൻ ചൗധരി
|പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി
ഡല്ഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിനെക്കുറിച്ച് പഠിക്കുന്നതിനുള്ള സമിതിയിലേക്കുള്ള ക്ഷണം കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി നിരസിച്ചു. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. ഈ സമിതിയിൽ നിന്നാണ് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി പിന്മാറാന് തീരുമാനിച്ചത്.'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,മുൻ എംപി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ.കെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.