India
Aditi Balan

അദിതി ബാലന്‍

India

മൃഗങ്ങളുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നു, ആറ് പൊലീസുകാര്‍ പോയത് പ്രമുഖയെ രക്ഷിക്കാന്‍; തമിഴ്നാട് സര്‍ക്കാരിനെതിരെ അദിതി ബാലന്‍

Web Desk
|
6 Dec 2023 7:08 AM GMT

തിരുവാണ്‍മിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ അദിതി വിമര്‍ശനമുന്നയിച്ചത്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പേമാരി തമിഴ്നാട്ടിലാകെ നാശം വിതച്ചിരിക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല. പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അദിതി ബാലന്‍. ഇതുപോലൊരവസ്ഥയില്‍ ജനങ്ങളുടെ രക്ഷയ്‌ക്കെത്തേണ്ട സര്‍ക്കാര്‍ എവിടെപ്പോയെന്ന് നടി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു.

തിരുവാണ്‍മിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ അദിതി വിമര്‍ശനമുന്നയിച്ചത്. സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളംകൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടുവെന്നും അദിതി പറഞ്ഞു. രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താന്‍ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടിവന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ആറ് പൊലീസുകാരുമായി ഒരു ബോട്ട് കോട്ടൂര്‍പുരത്തെ റിവര്‍ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍ പോകുന്നത് കണ്ടു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നുവരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനില്‍ക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാന്‍ എന്റെ കാര്‍ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു..നടി കുറ്റപ്പെടുത്തി. ചെന്നൈ കോര്‍പ്പറേഷന്‍, ചെന്നൈ പൊലീസ്, ഉദയനിധി സ്റ്റാലിന്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം തമിഴ്നാടിന് അടിയന്തരമാി 5060 കോടി രൂപ കേന്ദ്രസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ചെന്നൈയിലെയും താരാമണിയിലെയും ദുരിതബാധിത പ്രദേശങ്ങള്‍ ബുധനാഴ്ച സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രി കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ വെളച്ചേരി ഫൈവ് ഫര്‍ലോംഗ് റോഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.

Similar Posts