India
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
India

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ

Web Desk
|
6 Nov 2022 5:08 AM GMT

യാത്രയുടെ 60ാം ദിവസത്തിൽ തെലങ്കാനയിലാണ് ആംആദ്മി പാർട്ടി മുൻ നേതാവ് പങ്കെടുത്തത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യാത്രയുടെ 60ാം ദിവസത്തിൽ തെലങ്കാനയിലാണ് ആംആദ്മി പാർട്ടി മുൻ നേതാവ് കൂടിയായ അദ്ദേഹം പങ്കെടുത്തത്. മഡിഗ റിസർവേഷൻ പോരാട്ട സമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും യാത്രയുടെ ഭാഗമായി. പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന ഇദ്ദേഹം മേഡക് ജില്ലയിലെ അല്ലാദുർഗിൽ വെച്ചാണ് യാത്രയിൽ പങ്കെടുത്തത്. ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവും യാത്രയിൽ സജീവമായിട്ടുണ്ട്. നേരത്തെ ബോളിവുഡ് നടി പൂജാ ഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധി പേർ തെലങ്കാനയിൽ യാത്രയുടെ ഭാഗമായി. ഒക്‌ടോബർ 23നാണ് യാത്ര തെലുങ്കാനയിലെത്തിയത്. തിങ്കാളാഴ്ച മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയിരുന്നത്.

1500 കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ട് ഭാരത് ജോഡോ യാത്ര

60 ദിവസം കൊണ്ട് 1500 കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. നവംബർ ഏഴിന് യാത്ര മഹാരാഷ്ട്രയിലെത്തും. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് കടക്കുക. അസം, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയുടെ സന്ദേശമുയർത്തി പരിപാടികൾ നടക്കുകയാണ്.

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ജനപ്രിയതക്ക് അടിവരയിട്ടുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിൽ യാത്രക്ക് ലഭിക്കുന്ന സ്വീകരണം. ഇതുവഴി രാഹുൽ തന്റെ നേതൃപാടവം വിപുലപ്പെടുത്തിയോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പരിശോധിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയായി 3570 കിലോമീറ്റർ സഞ്ചരിക്കുന്ന 100 ഭാരത് ജോഡോ യാത്രികരിൽ ഒരാളാണ് താനെന്നാണ് രാഹുൽ പറയുന്നത്. പക്ഷേ രാഹുലിനെ മുൻനിർത്തിയുള്ള രാഷ്ട്രീയം തന്നെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു മാസത്തെ യാത്രക്കിടയിൽ സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളുമടക്കം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും നിരവധി വിഭാഗം ജനങ്ങളും ഭാരത് ജോഡോ യാത്രയുടെ ഭാഗമായിട്ടുണ്ട്. വിവിധയിടങ്ങളിൽ രാഹുലുമായി ചർച്ചകളും നടത്തി.

'അവരുടെ (ബിജെപി) ഏക അജണ്ട രാഹുൽ ഗാന്ധിയെ തകർക്കലാണ്. എന്നാൽ ഈ യാത്രയിൽ ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്ന് പറയുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്' ്കോൺഗ്രസ് പ്രസിഡൻറായി മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇങ്ങനെയാണ് പ്രതികരിച്ചിരുന്നത്. 'രാജ്യത്ത് ആരെങ്കിലും ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുമെങ്കിൽ അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും, കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും, നമ്മുക്കത് സാധിക്കും, നമുക്ക് അതിനുള്ള കരുത്തുണ്ട്' എന്ന് പുതിയ പ്രസിഡൻറ് ഖാർഗെയും പറഞ്ഞിരുന്നു.

അതിനിടെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേശ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എംആർടി മ്യൂസിക് (MRT Music) പകർപ്പവകാശ ലംഘനത്തിന് കേസ് കൊടുത്തു. ഈ വർഷത്തെ ഹിറ്റ് ചിത്രം കെജിഎഫ് 2 ഹിന്ദി പതിപ്പിലെ ഹിന്ദി ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാൻ വൻ തുക മുടക്കിയതായി സംഗീത കമ്പനി പരാതിയിൽ പറയുന്നു.കോൺഗ്രസ് അനുവാദം വാങ്ങാതെ സിനിമയിൽ നിന്ന് ഗാനങ്ങൾ എടുക്കുകയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് എംആർടി മ്യൂസിക് പരാതിയിൽ പറയുന്നു. മൂന്ന് കോൺഗ്രസ് നേതാക്കൾക്കുമെതിരെ, സെക്ഷൻ 403, 465, 120 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. IPC യുടെ 34 (പൊതു ഉദ്ദേശ്യം), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻറെ സെക്ഷൻ 66, 1957-ലെ പകർപ്പവകാശ നിയമത്തിൻറെ 63-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.

എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പാട്ടിൻറെ പകർപ്പവകാശം ലംഘിച്ചതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മ്യൂസിക് പ്ലാറ്റ്ഫോമിൻറെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് പറഞ്ഞു. 'എംആർടി മ്യൂസിക്കിൻറെ ഉടമസ്ഥതയിലുള്ള പാട്ടിൻറെ പകർപ്പവകാശം ലംഘിച്ച സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെ നിയമവിരുദ്ധമവും വഞ്ചനാപരവുമായ നടപടികളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പാട്ടുകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് യോജിപ്പിച്ചുകൊണ്ട് ഐഎൻസി ഒരു വീഡിയോ നിർമ്മിച്ചു. കെജിഎഫ് - 2 ഹിന്ദിയിലെ പാട്ടാണത്. വീഡിയോയിൽ 'ഭാരത് ജോഡോ യാത്ര' എന്ന ലോഗോയും ഉപയോഗിച്ചിട്ടുണ്ട്, അത് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.'- സമ്പത്ത് പറഞ്ഞു.

Advocate Prashant Bhushan as part of Bharat Jodo Yatra

Similar Posts