'കേന്ദ്രസർക്കാരിന്റെ പിന്തുണയില്ല'; ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു
|അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെ ആലോചിച്ച ശേഷമാണ് ഈ പ്രയാസകരമായ തീരുമാനമെടുത്തതെന്ന് അഫ്ഗാൻ എംബസി അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയില്ലായ്മ, അഫ്ഗാനിസ്താന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാത്തത്, ജീവനക്കാരുടെയും വിഭവങ്ങളുടേയും കുറവ് എന്നീ കാരണങ്ങൾ മുൻനിർത്തി ഇന്ന് മുതൽ പ്രവർത്തനം നിർത്തുന്നതായി എംബസി അറിയിച്ചു.
അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെ ആലോചിച്ച ശേഷമാണ് ഈ പ്രയാസകരമായ തീരുമാനമെടുത്തതെന്ന് അഫ്ഗാൻ എംബസി അറിയിച്ചു. 'അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ഡൽഹിയിലെ അഫ്ഗാനിസ്താൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്'- എംബസി പ്രസ്താവനയിൽ പറഞ്ഞു.
ദൗർഭാഗ്യകരമായ അടച്ചുപൂട്ടലിനുള്ള പ്രധാന കാരണങ്ങളായി എംബസി ചില ഘടകങ്ങൾ ചൂണ്ടിക്കാട്ടുന്നു. അവശ്യ പിന്തുണ നൽകുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടെന്നാണ് എംബസിയുടെ പ്രധാന ആരോപണം. ഇത് എംബസിയുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിന് തടസമുണ്ടാക്കി.
'ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും അഫ്ഗാനിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇല്ലാത്തതും മൂലം ആ രാജ്യത്തെയും അവിടുത്തെ പൗരന്മാരുടേയും മികച്ച താൽപര്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിലുണ്ടായ ഞങ്ങളുടെ പോരായ്മകൾ അംഗീകരിക്കുന്നു'- എംബസി പ്രസ്താവനയിൽ പറഞ്ഞു.
അപ്രതീക്ഷിതമായ സാഹചര്യങ്ങൾ എംബസിയുടെ ജീവനക്കാരിലും വിഭവങ്ങളിലും ഗണ്യമായ കുറവുണ്ടാക്കിയെന്നും ഇത് പ്രവർത്തനം തുടരുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എംബസി ചൂണ്ടിക്കാട്ടുന്നു.
'നയതന്ത്രജ്ഞർക്ക് മറ്റ് നിർണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് ഞങ്ങളുടെ ടീമിനെ നിരാശയിലേക്ക് നയിക്കുകയും പതിവ് ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിൽ തടസമുണ്ടാക്കുകയും ചെയ്തു'- പ്രസ്താവനയിൽ വിശദമാക്കുന്നു.
അംബാസഡർ ഫരീദ് മാമുന്ദ്‌സയാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയെ നയിച്ചത്. അഫ്ഗാനിൽ അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ നിയമിച്ച ഫരീദ് 2021 ആഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തിട്ടും തന്റെ പദവിയിൽ തുടരുകയായിരുന്നു.
നിലവിലെ അംബാസഡർ ഫരീദ് മാമുന്ദ്‌സയ്‌ക്ക് പകരമായി പുതിയ തലവനെ നിയമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ ഡൽഹിയിലെ അഫ്ഗാൻ എംബസി അധികാരത്തർക്കം നേരിട്ടിരുന്നു. 2020 മുതൽ ഡൽഹിയിലെ അഫ്ഗാൻ എംബസിയിലെ ട്രേഡ് കൗൺസിലറായ ഖാദിർ ഷാ, താലിബാൻ സർക്കാർ തന്നെ അംബാസിഡറായി ചുമതലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഏപ്രിൽ അവസാനം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എംബസി അറിയിക്കുകയായിരുന്നു.