India
ജുമുഅ നമസ്‌കരിച്ച് വീട്ടിലേക്കു പോകണം; സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം, അനാവശ്യ കൂട്ടംകൂടൽ വേണ്ട; പൊലീസ് വാദങ്ങള്‍ തള്ളി ജാവേദ് മുഹമ്മദിന്റെ ഫേസ്ബുക്കിലെ സമാധാന ആഹ്വാനം
India

'ജുമുഅ നമസ്‌കരിച്ച് വീട്ടിലേക്കു പോകണം; സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം, അനാവശ്യ കൂട്ടംകൂടൽ വേണ്ട'; പൊലീസ് വാദങ്ങള്‍ തള്ളി ജാവേദ് മുഹമ്മദിന്റെ ഫേസ്ബുക്കിലെ സമാധാന ആഹ്വാനം

Web Desk
|
13 Jun 2022 10:42 AM GMT

''ഒരാളും അനാവശ്യമായി റോഡില്‍ കൂട്ടംകൂടിനിൽക്കരുത്. അതിന് സമുദായം മൊത്തത്തിൽ അനുഭവിക്കേണ്ടിവരും. ജുമുഅ നമസ്‌കരിച്ച് വീട്ടിലേക്ക് പോകൂ. സ്‌നേഹവും സമാധാനവും നിലനിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യൂ''

ലഖ്‌നൗ: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പ്രയാഗ്‌രാജിൽ നടന്ന അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് യു.പി പൊലീസ് പൊളിച്ചുനീക്കിയിരുന്നു. ജാവേദിനെയും ഭാര്യ പർവീൺ ഫാത്തിമ, മകൾ സുമയ്യ ഫാത്തിമ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ, വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയുടെ പിതാവ് കൂടിയായ ജാവേദ് പ്രതിഷേധ പരിപാടികൾ നടക്കുന്നതിനു തൊട്ടുമുൻപ് വരെ സമൂഹമാധ്യമങ്ങളിലടക്കം സമാധാനപരമായി വിഷയം കൈകാര്യം ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ മണിക്കൂറുകൾക്കു മുൻപ് തന്നെ ജാവേദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സമാധാനപരമായി പ്രതിഷേധിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ജുമുഅ നമസ്‌കാരത്തിനുശേഷം കൂട്ടംകൂടി നിൽക്കാതെ നേരെ സമാധാനപരമായി വീടുകളിലേക്ക് മടങ്ങാൻ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. നാട്ടിൽ സമാധാനവും സ്‌നേഹവും നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്.

'സർക്കാരിന് പരാതി നൽകാം; അനാവശ്യ നടപടികൾ വേണ്ട'

ഏതെങ്കിലും ഒരു വിഷയത്തിൽ സർക്കാരിനോട് സംസാരിക്കണമെങ്കിൽ ഏറ്റവും മികച്ച വഴി സമയമെടുത്ത് അധികൃതർക്ക് പരാതി നൽകുകയാണ്. എപ്പോഴും സമാധാനത്തെ ഇഷ്ടപ്പെടുന്ന നഗരമാണിത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ നമസ്‌കാരങ്ങളിലൂടെ നിശബ്ദമായി ദൈവത്തോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക-ഫേസ്ബുക്ക് കുറിപ്പിൽ മുഹമ്മദ് ജാവേദ് ഉപദേശിക്കുന്നു.

നിയമ ചട്ടക്കൂടിനകത്തുനിന്ന് സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നമുക്ക് എല്ലാവരും ചേർന്ന് ഒരു പ്രതിഷേധക്കുറിപ്പ് തയാറാക്കി ജില്ലാ കലക്ടർ വഴി സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ കൈമാറാം. രാഷ്ട്രപതിക്കും അത് അയച്ചുകൊടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാളും അനാവശ്യമായി റോഡില്‍ കൂട്ടംകൂടിനിൽക്കരുത്. അതിന് സമുദായം മൊത്തത്തിൽ അനുഭവിക്കേണ്ടിവരും. ജുമുഅ നമസ്‌കരിച്ച് വീട്ടിലേക്ക് പോകൂ. സ്‌നേഹവും സമാധാനവും നിലനിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യൂ-ഫേസ്ബുക്കിൽ മുഹമ്മദ് ജാവേദ് ആഹ്വനം ചെയ്തു. പോസ്റ്റ് ഷെയർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അറിയിപ്പോ വാറന്റോ ഇല്ലാത്ത അറസ്റ്റ്

പ്രവാചകനിന്ദയ്ക്കെതിരെ പ്രയാഗ്രാജിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങൾക്കു പിന്നിൽ മുഹമ്മദ് ജാവേദ് ആണെന്നാണ് പൊലീസ് ആരോപിക്കുന്നത്. കുറ്റം ആരോപിച്ച് ശനിയാഴ്ച അർധരാത്രിയാണ് ജാവേദും ഭാര്യയും മകളും അടക്കം അറുപതിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുടുംബത്തെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി മകളും ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവുമായ അഫ്രീൻ ഫാത്തിമ രംഗത്തെത്തിയിരുന്നു. അറിയിപ്പോ വാറണ്ടോ ഇല്ലാതെയാണ് അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റു ചെയ്തുകൊണ്ടുപോയതെന്ന് അഫ്രീൻ ദേശീയ വനിതാ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.

'അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചുകൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, മാതാവ് പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്റോ കൂടാതെയാണ് പൊലീസ് എന്റെ കുടുബത്തെ പിടിച്ചുകൊണ്ടുപോയത്. അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല'- അഫ്രീൻ പരാതിയിൽ വ്യക്തമാക്കി.

മാതാവിന്റെ പേരിലുള്ള വീട്; നോട്ടീസ് പോലും നൽകാതെ പൊളിക്കൽ

അറസ്റ്റിന്റെ തൊട്ടുപിന്നാലെയാണ് പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീടൊഴിയാൻ ആവശ്യപ്പെട്ടത്. മെയ് പത്തിന് തന്നെ ജാവേദിന് ഷോക്കേസ് നോട്ടീസ് നൽകിയിരുന്നുവെന്നാണ് അതോറിറ്റിയുടെ വാദം. വിഷയത്തിൽ മെയ് 24ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അനുസരിച്ചില്ലെന്നും അതോറിറ്റി ആരോപിക്കുന്നു.

എന്നാൽ, അധികൃതരുടെ പക്കൽനിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ജാവേദിന്റെ മകൾ സുമയ്യ ഫാതിമ സ്‌ക്രോൾ ഡോട്ട് ഇന്നിനോട് പറഞ്ഞു. ഭാര്യ പർവീൺ ഫാത്തിമയുടെ പേരിലുള്ള വസ്തുവാണ് വീടെന്നും ഇക്കാര്യത്തിൽ ജാവേദിനെ എങ്ങനെയാണ് വിളിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചോദിച്ചു.

किसी भी मसले पर यदि सरकार से बात कहना हो तो बेहतरीन तरीका होता है अपनी बात या मांग को ज्ञापन के जरये अधिकारियों से समय...

Posted by Javed Mohammed on Thursday, June 9, 2022

ഞായറാഴ്ച പുലർച്ചെ 12.30നാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് സുമയ്യ പറഞ്ഞു. 'സിവിൽലൈൻ വനിതാ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ചിലത് ചോദിക്കാനുണ്ടെന്നും അതു കഴിഞ്ഞു പോകാമെന്നുമാണ് പൊലീസ് പറഞ്ഞത്. വീട്ടിൽ എന്താണ് സംസാരിക്കുന്നത്, ഏതു തരത്തിലുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യുന്നത് എന്നൊക്കെയാണ് പൊലീസ് ചോദിച്ചത്. ഞങ്ങളെ കുറിച്ച് വിവാദപരമായ എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കാനാണ് അവർ ശ്രമിച്ചത്. ഞങ്ങൾ സത്യം മാത്രമാണ് പറഞ്ഞത്.' - അവർ പറഞ്ഞു.

Summary: Afreen Fatima's father, Javed Mohammad, a leader of the Welfare Party of India, was was arrested by UP police, was posted a peace message on his FB account hours before Friday prayer when violence broke out in the Allahabad city

Similar Posts