'യാത്രക്കാരുടെ കര്‍ശന പരിശോധന ഉറപ്പാക്കണം':കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം
|വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
ഡല്‍ഹി: രാജ്യത്ത് രണ്ട് കുരങ്ങ് വസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
രാജ്യത്ത് കുരങ്ങ് വസൂരി പടരാതിരിക്കാന്‍ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. ആരോഗ്യ പരിശോധന പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് അന്താരാഷ്ട്ര തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്.
രാജ്യത്ത് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം യോഗം വിളിച്ചത്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഹെല്‍ത്ത് ഓഫീസർമാർ, ആരോഗ്യ കുടുംബക്ഷേമ റീജിയണൽ ഓഫീസുകളിലെ ഡയറക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തില്‍ കൊല്ലത്തും കണ്ണൂരുമാണ് കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്തുനിന്ന് വന്നവരാണ്. കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ ജൂലൈ 21ന് ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇതുവരെ പുരുഷന്മാര്ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്. കടുത്ത പനി, ലിംഫ് നോഡുകൾ വീർക്കുക, ചിക്കൻപോക്സിലെ പോലെയുള്ള കുമിളകൾ എന്നിവ കുരങ്ങുപനിയുടെ ലക്ഷണങ്ങളാണ്.