India
വീടെന്ന സ്വപ്‌നം; 30 വർഷത്തിന് ശേഷം ശ്രീലങ്കൻ തമിഴർക്ക് കോൺക്രീറ്റ് വീടുകൾ
India

വീടെന്ന സ്വപ്‌നം; 30 വർഷത്തിന് ശേഷം ശ്രീലങ്കൻ തമിഴർക്ക് കോൺക്രീറ്റ് വീടുകൾ

Web Desk
|
14 Sep 2022 10:48 AM GMT

പുതിയ ക്യാമ്പിൽ കോൺക്രീറ്റ് വീടുകൾ മാത്രമല്ല, അങ്കണവാടി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്

ചെന്നൈ: ചെന്നൈ ഡിണ്ടിഗലിലെ തോട്ടനുത്തു ഗ്രാമത്തിൽ ശ്രീലങ്കൻ തമിഴരുടെ പുനരധിവാസ ക്യാമ്പ് എംകെ സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്തു. സഹകരണ മന്ത്രി ഐ.പെരിയസാമി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആർ.ശക്കരപാണി, ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴർ ക്ഷേമ വകുപ്പ് മന്ത്രി ജിൻജി കെ. ദിണ്ടിഗലിൽ മസ്താൻ ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി.

3.5 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പുനരധിവാസ ക്യാമ്പിൽ 17.84 കോടി രൂപ ചെലവിൽ 321 വീടുകളാണ് നിർമിച്ചിരിക്കുന്നത്. 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓരോ വീട്ടിലും സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ടോയ്‌ലറ്റുമുണ്ട്. 4.95 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമാണ ചെലവ്.

കഴിഞ്ഞ വർഷം ഡിസംബറിൽ തറക്കല്ലിട്ട പദ്ധതി ഒമ്പത് മാസത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കി. ക്യാമ്പുകളിൽ കഴിയുന്ന 70 കുടുംബങ്ങൾ 30 വർഷത്തിന് ശേഷം കോൺക്രീറ്റ് വീടുകളിൽ താമസിക്കാൻ പോവുകയാണെന്ന് ചടങ്ങിൽ സംസാരിച്ച കലക്ടർ എസ്.വിശാഖൻ പറഞ്ഞു. തോട്ടനൂത്ത്, അടിയനൂത്ത്, ഗോപാൽപട്ടി വില്ലേജുകളിലെ ക്യാമ്പുകളിലെ അന്തേവാസികളെ ഇവിടെ സംയോജിത ക്യാമ്പിൽ പാർപ്പിക്കും.

1990ലാണ് ശ്രീലങ്കൻ തമിഴർ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്‌ത്‌ തമിഴ്‌നാട്ടിൽ അഭയം തേടിയത്. മുൻ മുഖ്യമന്ത്രി കരുണാനിധി അന്ന് അടിയനൂത്ത് ഗ്രാമത്തിൽ ഓലമേഞ്ഞ വീടുകൾ ഇവർക്കായി അനുവദിച്ചിരുന്നു.

"വേനൽക്കാലത്തും മഴക്കാലത്തും ഓലമേഞ്ഞ വീടുകളിൽ ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്ക് സ്വന്തമായി വീടുകൾക്കും മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കാനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിവേദനം നൽകിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ നടപടികളോടെ, ഞങ്ങളുടെ പുതിയ ക്യാമ്പിൽ കോൺക്രീറ്റ് വീടുകൾ മാത്രമല്ല, അങ്കണവാടി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്'; ക്യാമ്പിലെ അന്തേവാസികളിൽ ഒരാളായ എ.കലാനായഗി പറഞ്ഞു.

മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി താമസിക്കാൻ ഒരു വീട് എന്നത് ഇതുവരെ ശ്രീലങ്കൻ തമിഴർക്ക് വിദൂര സ്വപ്‌നമായിരുന്നു. ഇന്നത് യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അവർ. ഡിണ്ടിഗൽ എംപി പി.വേലുസാമി, എംഎൽഎമാരായ ഐ.പി. സെന്തിൽ കുമാർ, എസ്.ഗാന്ധിരാജൻ, പ്രവാസി തമിഴരുടെ പുനരധിവാസ-ക്ഷേമ കമ്മീഷണർ ജസീന്ത ലാസർ, മേയർ ജെ.ഇളമതി, ജില്ലാ റവന്യൂ ഓഫീസർ വി.ലത, അഡീഷണൽ കലക്ടർ സി.ദിനേശ് കുമാർ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Similar Posts