വിഭജനം വേർപിരിച്ചു; 70 വർഷങ്ങൾക്കിപ്പുറം സഹോദരങ്ങളെ ഒന്നിപ്പിച്ച് ഇന്ത്യക്കാരിയും പാകിസ്താൻ യൂട്യൂബറും
|കുടുംബത്തിനൊപ്പം പാകിസ്താനിലേക്ക് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ 10 വയസുകാരനെ സിഖ് കുടുംബം സംരക്ഷിക്കുകയായിരുന്നു
ചണ്ഡീഗഡ്: സ്നേഹത്തിന് അതിരുകളില്ലെന്ന് പറയാറുണ്ട്. അതിരുകളില്ലാത്ത ഒരു സാഹോദര്യത്തിൻ്റെ കഥയാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്നത്. അരനൂറ്റാണ്ട് മുൻപ് ജീവിതത്തിൽ നിന്നകന്ന് പിന്നീട് ഒരുമിച്ച കഥ. 70 വർഷങ്ങൾക്ക് മുൻപ് പാകിസ്താനി കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ ഒരു ഇന്ത്യക്കാരൻ തൻ്റെ സഹോദരങ്ങളുമായി വീണ്ടും ഒന്നിച്ച വാർത്ത ഈയിടെ പുറത്തുവന്നിരുന്നു. അതിന് നിമിത്തമായത് ഒരു ഇന്ത്യൻ ചരിത്രകാരിയും പാകിസ്താൻ യൂട്യൂബറുമാണ്.
ഈ വർഷമാദ്യം, ഇന്ത്യ- പാകിസ്താൻ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഫീൽഡ് ഗവേഷണത്തിനിടെ, ഡൽഹി ജെഎൻയുവിലെ അധ്യാപക ഡോ. നോനിക്ക ദത്ത, 87കാരനായ മഹീന്ദർ സിങ് ഗില്ലിനെ കണ്ടുമുട്ടി. തൻ്റെ ജന്മനാമം മുഹമ്മദ് ഷാഫിയാണെന്നും രക്തബന്ധമുള്ളവർ പാക്കിസ്താനിലായിരിക്കാമെന്നും അദ്ദേഹം നോനിക്കയോട് പറഞ്ഞു. 1947-ലെ ഇന്ത്യ- പാകിസ്താൻ വിഭജനത്തിൻ്റെ ഭാഗമായി കുടിയേറിയ ദശലക്ഷക്കണക്കിനാളുകളിൽ ഒരാളായിരുന്നു ഇദ്ദേഹം. വിഭജനസമയത്തെ തിരക്കിൽ ഗില്ല് തൻ്റെ കുടുംബവുമായി വേർപിരിഞ്ഞു. അന്ന് പത്ത് വയസായിരുന്നു പ്രായം. തുടർന്ന് ഇദ്ദേഹത്തെ ഒരു സിഖ് കുടുംബം ദത്തെടുക്കുകയായിരുന്നു. അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ബണ്ഡാല എന്ന ഇന്ത്യൻ ഗ്രാമത്തിലാണ് അദ്ദേഹം വളർന്നത്. വിവാഹിതനായി, ഇപ്പോൾ കൊച്ചുമക്കളുമുണ്ട്.
ഡൽഹിയിൽ നിന്ന് ബണ്ഡാല ഗ്രാമത്തിലേക്കുള്ള ദീർഘദൂര യാത്രയിലാണ് ദത്ത ഗില്ലിനെ കണ്ടുമുട്ടുന്നത്. തികച്ചും യാദൃശ്ചികമായിരുന്നു ആ കണ്ടുമുട്ടൽ. ഒരു ഗവേഷകയെന്ന നിലയിൽ ദത്ത പലപ്പോഴും അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാറുണ്ട്. വിഭജനം എങ്ങനെ ആളുകളുടെ ജീവിതം മാറ്റിമറിച്ചു എന്ന് അന്വേഷിക്കലായിരുന്നു അതിൻ്റെ ലക്ഷ്യം.
'എന്നെ ആഴത്തിൽ ബാധിച്ച കാര്യം അദ്ദേഹത്തിൻ്റെ കുടുംബത്തെ നഷ്ടപ്പെട്ട കഥയായിരുന്നു. അവർ എങ്ങനെ വേർപിരിഞ്ഞു, അച്ഛൻ്റെ കൈ പിടിച്ചു നിന്നത്, മൂന്ന് സഹോദരന്മാർ, എല്ലാം ഗില്ല് എന്നോട് പറഞ്ഞു. തൻ്റെ ഇളയ സഹോദരി കനാലിൽ മുങ്ങിമരിക്കുന്നത് ഗില്ല് നേരിട്ടു കണ്ടു.'- ദത്ത പറഞ്ഞു.
ഈ ഡിജിറ്റൽ യുഗത്തിലും ഗില്ലിൻ്റെ കുടുംബത്തിന് ഇൻ്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വിഭജനത്തിന് മുമ്പ് ഫിറോസ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുല്ലോക്ക് എന്ന ഇന്ത്യൻ ഗ്രാമത്തിലാണ് താൻ താമസിച്ചിരുന്നതെന്ന് ഗിൽ ദത്തയോട് പറഞ്ഞു. അവർ ഇതിനെപ്പറ്റി ഇൻ്റർനെറ്റിൽ തിരയാൻ ആരംഭിച്ചു.
യൂട്യൂബ് വഴിയുള്ള കണ്ടെത്തൽ
പാകിസ്താനിലെ പഞ്ചാബിൽ അബ്ബാസ് ഖാൻ ലഷാരി എന്ന യുട്യൂബർ, ദത്തയുടേതിന് സമാനമായി വിവിധ ഗ്രാമങ്ങളിൽ പോയി വിഭജനത്തെക്കുറിച്ചുള്ള കഥകൾ ശേഖരിക്കാറുണ്ടായിരുന്നു. വിഭജനത്തെക്കുറിച്ചുള്ള കഥകൾ പിതാവിൽ നിന്ന് കേട്ടാണ് അദ്ദേഹം വളർന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ്, ആളുകൾ അവരുടെ കുടുംബ ചരിത്രവും വിഭജന അനുഭവവും പങ്കിടുന്ന യൂട്യൂബ് വീഡിയോകൾ അദ്ദേഹം കാണാനിടയായി. എന്നാൽ തൻ്റെ ഗ്രാമമായ ഷെയ്ഖ്പുരയുമായി ബന്ധപ്പെട്ട യാതൊരു വീഡിയോയും ഇല്ലെന്ന് അബ്ബാസ് മനസിലാക്കി. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വെറും ഒരു മണിക്കൂർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
തുടർന്ന് അബ്ബാസ് 'സഞ്ജേ വേലെ' എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. 2022ൽ ആരംഭിച്ച ചാനലിന് നിലവിൽ 30000തിന് അടുത്ത് സബ്സ്ക്രൈബേർസ് ഉണ്ട്. അദ്ദേഹം 400 ഗ്രാമങ്ങളിലായി 120 പേരെ അഭിമുഖം നടത്തിയിട്ടുണ്ട്. മുസ്ലിം- സിഖ് സാഹോദര്യവും പല അഭിമുഖങ്ങളിൽ ചർച്ചയാകുന്നുണ്ട്. ലഷാരിയുടെ ഒരു വീഡിയോ കണ്ട് യുഎസിൽ നിന്നുള്ള ഒരു വ്യക്തി അദ്ദേഹത്തോട് തൻ്റെ ഗ്രാമമായ കോട് ഷംഷേർ സിങ്ങിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അവിടെ വച്ചാണ് മഹീന്ദർ സിങ് ഗില്ലിനെക്കുറിച്ചുള്ള കഥ ലഷാരിയിലെത്തുന്നത്. അവിടെവെച്ച് അബ്ബാസ് ഗില്ലിൻ്റെ സഹോദരനായ നിയാമത്തിനെ കണ്ടുമുട്ടി.
'അവർ ഒരു സമ്പന്ന കുടുംബമായിരുന്നു, ധാരാളം ഭൂമിയുടെ ഉടമകളായിരുന്നു. വിഭജന സമയത്ത് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർ പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു. കനാൽ മുറിച്ചുകടക്കുന്നതിനിടെ അവരുടെ സഹോദരി മുങ്ങിമരിച്ചു.'- അബ്ബാസിനോട് ഗില്ലിൻ്റെ സഹോദരങ്ങൾ പറഞ്ഞു. ഈ വീഡിയോ അബ്ബാസ് യൂട്യൂബിൽ പങ്കുവെച്ചു.
സഹോദരന്മാരുടെ സംഗമം
ബുല്ലോക്ക് ഗ്രാമത്തെപ്പറ്റി ഇൻ്റർനെറ്റിൽ തിരയുന്നതിനിടെ ദത്ത യൂട്യൂബിൽ ഒരു വീഡിയോ കണ്ടു. ഗില്ലിൻ്റ സഹോദരൻമാരെക്കുറിച്ച് അബ്ബാസ് അപ്ലോഡ് ചെയ്ത വീഡിയോ ആയിരുന്നു അത്. തൻ്റെ കൺമുന്നിൽ ഒരു അത്ഭുതം സംഭവിക്കുന്നത് പോലെയായിരുന്നു അത് എന്നാണ് ദത്ത ഇതിനെപ്പറ്റി വിശദീകരിച്ചത്.
ദത്ത അബ്ബാസുമായി ബന്ധപ്പെടുകയും അവർ കഥകൾ വസ്തുതാപരമായി പരിശോധിക്കുകയും ചെയ്തു. സഹോദരങ്ങൾക്ക് പരസ്പരം കാണാനായി അവർ ഒരു സൂം മീറ്റിങ് ക്രമീകരിച്ചു. പതിറ്റാണ്ടുകൾക്കു മുൻപ് വേർപിരിഞ്ഞെങ്കിലും അതിൻ്റെ യാതൊരു വിധ സങ്കോചവുമില്ലാതെ അവർ സംസാരിച്ചു. വേർപിരിയൽ നമ്മളുടെ വിധിയായിരുന്നു എന്നായിരുന്നു ഗില്ലിൻ്റെ സഹോദരങ്ങൾ പറഞ്ഞത്. ഗില്ലും സഹോദരങ്ങളും ഉടൻ തന്നെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ദത്ത പറയുന്നു. വേർപിരിയൽ ദക്ഷിണേഷ്യയിലെ ജീവിക്കുന്ന ചരിത്രങ്ങളുടെ ഭാഗമാണെന്നും ദത്ത കൂട്ടിച്ചേർത്തു.