തോൽവിയിൽ സെഞ്ച്വറിയടിക്കണം; 94ാമത്തെ തെരഞ്ഞെടുപ്പിനൊരുങ്ങി ഹസനുറാം
|93 തവണ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റയാളാണ് ഈ 74 കാരൻ
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജയിക്കുക എന്നതിനപ്പുറം വേറൊരു ലക്ഷ്യവും സ്ഥാനാർഥികളുടെ മനസിലുണ്ടാകില്ല. അതിനായി രാവും പകലും പണിയെടുക്കുകയും ചെയ്യും. എന്നാൽ തോൽക്കാനായി മാത്രം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഒന്നും രണ്ടുമല്ല, 93 തവണയാണ് ഈ കക്ഷി തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റത്. ആഗ്ര സ്വദേശിയായ ഹസനുറാം അംബേദ്കരിയെന്ന 74 കാരനാണ് ആ അപൂർവ സ്ഥാനാർഥി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആഗ്രയിലെ ഖേരാഗർ മണ്ഡലത്തിൽ നിന്നാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായി ഹസനുറാം 94 ാം തവണ മത്സരിക്കാനിറങ്ങുന്നത്. ഒരു പക്ഷേ 93 തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ച ഒരേ ഒരു സ്ഥാനാർഥിയും ഇദ്ദേഹമായിരിക്കും.
കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്ന തനിക്ക് എംഎൻആർഇജിഎ ജോബ് കാർഡ് ഉണ്ടെന്നും അംബേദ്കരി പറഞ്ഞു. ഔപചാരിക സ്കൂൾ വിദ്യാഭ്യാസമില്ലെങ്കിലും ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയാം. കാൻഷി റാമിന്റെ ഓൾ ഇന്ത്യ ബാക്ക് വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ അംഗമാണ് ഹസനുറാം. ഡോ. ഭീം റാവു അംബേദ്കറുടെ ആശയങ്ങൾക്കനുസരിച്ചാണ് 93 തിരഞ്ഞെടുപ്പുകളിലും മത്സരിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
1985 മുതൽ ലോക്സഭ,നിയമസഭ, പഞ്ചായത്ത് എന്നിവയുൾപ്പെടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 1988 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനായി നാമനിർദേശ പത്രിക നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് കെട്ടിവെച്ച തുക നഷ്ടപ്പെടുത്തേണ്ടി വന്നു. 2021ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫിറോസാബാദിൽ മത്സരിച്ചപ്പോൾ 36,000 വോട്ടുകൾ ഹസനുറാമിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ മത്സരിച്ചതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.
'തോൽക്കാനാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, വിജയിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളെ മറക്കുകയാണ്. തെരഞ്ഞെടുപ്പിൽ 100 തവണ തോറ്റതിന്റെ റെക്കോർഡ് എനിക്ക് വേണം. എതിരാളികൾ ആരായാലും തനിക്ക് പ്രശ്നമല്ലെന്നും' അദ്ദേഹം പറഞ്ഞു.പക്ഷപാതരഹിതവും അഴിമതി രഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ് തന്റെ അജണ്ടയെന്ന് ഹസനുറാം അംബേദ്കരി പറഞ്ഞു. തോൽക്കാനാണെങ്കിലും ഭാര്യക്കും അനുയായികൾക്കുമൊപ്പം വീടു വീടാനന്തരം കയറിയുള്ള പ്രചാരണവും ഹസനുറാം ആരംഭിച്ചു കഴിഞ്ഞു.