എ.എന്‍.ഐക്ക് പിന്നാലെ എന്‍.ഡി.ടി.വിയുടെയും ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; ആഘോഷമാക്കി നെറ്റിസണ്‍സ്
|'ഗോദി മാധ്യമങ്ങള്‍'ക്കെതിരായ ട്വിറ്ററിന്‍റെ നടപടിയെ നെറ്റിസണ്‍സ് ആഘോഷമാക്കി
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ഇംഗ്ലീഷ് വാര്‍ത്താ മാധ്യമമായ എന്‍.ഡി.ടി.വിയുടെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യാനിടയാക്കിയ കാരണം വ്യക്തമല്ല. 2009 മുതല്‍ ഉപയോഗിച്ചുവന്നിരുന്ന ട്വിറ്റര്‍ ഹാന്‍ഡിലായിരുന്നു തങ്ങളുടേതെന്നും തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും എന്‍.ഡി.ടി.വി ഇന്ത്യ(@ndtvindia) ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തു ട്വിറ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതെ സമയം 'ഗോദി മാധ്യമങ്ങള്‍'ക്കെതിരായ ട്വിറ്ററിന്‍റെ നടപടിയെ നെറ്റിസണ്‍സ് ആഘോഷമാക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ നിലപാടുകളിലൂടെ നേരത്തെ വിമര്‍ശന വിധേയമായ സ്ഥാപനമാണ് എ.എന്‍.ഐ. അദാനി അടുത്തിടെയാണ് എന്‍.ഡി.ടി.വി ഏറ്റെടുത്തത്. ഇതിനെല്ലാം പിന്നാലെയാണ് ട്വിറ്ററില്‍ നിന്നുള്ള അപ്രതീക്ഷിത നടപടി. പുതിയ സംഭവവികാസങ്ങളിലൂടെ ഇലോണ്‍ മസ്കകിനെ ഇഷ്ടപ്പെട്ടു വരുന്നതായി എഴുത്തുകാരൻ അശോക് സ്വൈന്‍ ട്വീറ്റ് ചെയ്തു. ഗോദി മീഡിയയിലെ ഓരോന്നിനെയായി മസ്ക് താഴെയിടുകയാണെന്ന് നീരവ് മോദിയുടെ പാരഡി അക്കൗണ്ട് പോസ്റ്റ് ചെയ്യുന്നു. ഇലോണ്‍ മസ്കിനുള്ള താല്‍ക്കാലിക അഭിനന്ദന പോസ്റ്റെന്ന് പറഞ്ഞ് മീന കന്ദസാമിയും സംഭവത്തില്‍ പ്രതികരിച്ചു.
76 ലക്ഷം പേര്‍ വാര്‍ത്തകള്‍ക്കായി പിന്തുടര്‍ന്നിരുന്ന എ.എന്‍.ഐ ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് ഉച്ചയോടെയാണ് മരവിപ്പിക്കപ്പെട്ടത്. ട്വിറ്ററിന്‍റെ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എ.എന്‍.ഐയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സസ്പെന്‍ഡ് ചെയ്യപ്പെടാനിടയാക്കിയ കാരണം വ്യക്തമല്ല.
അതിനിടെ ട്വിറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധമായ മാനദണ്ഡങ്ങളില്‍ ഒന്നായ പതിമൂന്ന് വയസ്സ് പൂര്‍ത്തിയായില്ലെന്ന വിചിത്ര മറുപടിയാണ് ട്വിറ്റര്‍ അധികൃതര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് എ.എന്‍.ഐ വ്യക്തമാക്കി. ട്വിറ്ററില്‍ നിന്നും ലഭിച്ച മറുപടി എ.എന്‍.ഐ ഡയറക്ടര്‍ സ്മിത പ്രകാശ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റര്‍ വെരിഫിക്കേഷനായി എ.എന്‍.ഐയ്ക്ക് നല്‍കിയിരുന്ന ഗോള്‍ഡന്‍ ടിക്ക് പുതിയ നടപടിയിലൂടെ നീക്കം ചെയ്തതായി സ്മിത അറിയിച്ചു. നീല ടിക്കാണ് നിലവില്‍ വെരിഫൈഡായി നല്‍കിയത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നത് വരെ എ.എന്‍.ഐ ഡിജിറ്റല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരിക്കും വാര്‍ത്തകള്‍ പങ്കുവെക്കുകയെന്നും സ്മിത പ്രകാശ് അറിയിച്ചു.