India
രാജസ്ഥാൻ കോൺഗ്രസിൽ ഹിതപരിശോധന നടത്തണം; ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് സച്ചിൻ പൈലറ്റ്
India

രാജസ്ഥാൻ കോൺഗ്രസിൽ ഹിതപരിശോധന നടത്തണം; ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് സച്ചിൻ പൈലറ്റ്

Web Desk
|
26 Nov 2022 6:04 AM GMT

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും പ്രതിഷേധം അറിയിച്ചു

ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‍ഹ്‍ലോട്ടിന്‍റെ പ്രസ്താവനയിൽ നേതൃത്വത്തെ പ്രതിഷേധം അറിയിച്ച് സച്ചിൻ പൈലറ്റ് . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും പ്രതിഷേധം അറിയിച്ചു . രാജസ്ഥാൻ കോൺഗ്രസിൽ ഹിതപരിശോധന നടത്തണമെന്നും സച്ചിൻ ആവശ്യപ്പെട്ടു . സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും 2020ൽ കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി ഓഫീസിലെത്തി സച്ചിൻ പണം വാങ്ങിയെന്നുമായിരുന്നു ഗെഹ്‍ലോട്ടിന്‍റെ ആരോപണം.

എം.എൽ.എമാരുടെ പിന്തുണ അറിയാൻ രഹസ്യ വോട്ടെടുപ്പ് ആണ് സച്ചിൻ പൈലറ്റ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് തന്‍റെ പേര് ഉയർന്നപ്പോൾ അശോക് ഗെഹ്ലോട്ട് നടത്തിയ പരാമർശത്തിൽ ഇനി മൗനം പാലിക്കേണ്ടെന്ന നിലപാടാണ് സച്ചിൻ പൈലറ്റിനുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയുമാണ് സച്ചിൻ പൈലറ്റ് തന്‍റെ അതൃപ്തി അറിയിച്ചത്. ഗെഹ്ലോട്ട് പക്ഷ എംഎൽഎമാരും തന്‍റെ നിലപാട് അംഗീകരിക്കുന്നുണ്ട് എന്നാണ് സച്ചിൻ പൈലറ്റിന്‍റെ അവകാശവാദം.

എന്നാൽ സമ്മർദ്ദം ചെലുത്തി എം.എൽ.എമാരെ കൂടെ നിർത്തുകയാണ് അശോക് ഗെഹ്ലോട്ട് ചെയ്യുന്നത് എന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. മുൻപ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഹൈക്കമാൻഡ് തീരുമാനത്തെ അശോക് ഗെഹ്ലോട്ട് മറികടന്നത് 20ന് എതിരെ 90 എം.എൽ.എമാരുടെ പിന്തുണയോടെ ആണ്. എം.എൽ.എമാർ പിന്തുണയ്ക്കുമെന്ന തന്‍റെ വിശ്വാസം അന്ന് തെറ്റിയെങ്കിലും നിലവിൽ അത്തരം ഒരു സാഹചര്യം ഉണ്ടാകില്ലെന്നാണ് സച്ചിൻ പൈലറ്റ് കരുതുന്നത്.

19 എം.എൽ.എമാർക്കൊപ്പം കോൺഗ്രസിനെ തകർക്കാൻ സച്ചിൻ പൈലറ്റ് നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നായിരുന്നു ഗെഹ്ലോട്ടിന്‍റെ അവകാശവാദം. അമിത് ഷാ, ധർമേന്ദ്ര പ്രധാൻ എന്നിവരും ഇതിന്‍റെ ഭാഗമാണ്. ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നിന്ന് കൈപ്പറ്റിയ തുകയിൽ നിന്ന് ചില എം.എൽ.എമാർക്ക് 10 കോടി വീതവും മറ്റ് ചിലർക്ക് 5 കോടി രൂപ വീതവും ലഭിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതിൽ കോൺഗ്രസിനുള്ളിൽ പോലും എതിർപ്പുണ്ടെന്ന് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.

സച്ചിന്‍ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചു. അങ്ങനെയൊരാളെ പാര്‍ട്ടിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നാണ് ഗെഹ്‍ലോട്ടിന്‍റെ ചോദ്യം. ചെയ്ത തെറ്റുകൾക്ക് സച്ചിൻ പൈലറ്റ് പാർട്ടിയോടും ജനങ്ങളോടും മാപ്പ് പറയുകയാണ് വേണ്ടതെന്നും എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി പദം താൻ ഒഴിയുമെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച അശോക് ഗെഹ്ലോട്ട്, മുഖ്യമന്ത്രി പദം താൻ ഒഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇത്തരമൊരു പരാമര്‍ശം ഗെഹ്‍ലോട്ടില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു നേതൃത്വം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടു.

Similar Posts