ബാബരിയുടെ വഴിയേ ഗ്യാന്‍വാപി മസ്ജിദ്? അണിയറയില്‍ വി.എച്ച്.പി അജണ്ട
|1984ലാണ് ബാബരി മസ്ജിദ് ആരാധനക്ക് തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി പ്രക്ഷോഭം ആരംഭിച്ചത്
400 വര്‍ഷത്തിലേറെ മുസ്ലിംകള് ആരാധന നടത്തിയിരുന്ന അയോധ്യയിലെ ബാബരി മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമിയാണെന്നും അത് രാമേക്ഷത്രനിര്‍മാണത്തിന് കൈമാറണമെന്നുമുള്ള സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത് 2019 നവംബര്‍ ഒമ്പതിനാണ്. ഈ വിധിക്ക് പിന്നാലെ, അടുത്ത ലക്ഷ്യം വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിച്ച സമയത്തും ഈ രണ്ട് പള്ളികള്‍ കൂടി തകര്‍ക്കുമെന്ന ഭീഷണി ഇവര്‍ മുഴക്കിയതാണ്. തങ്ങളുടെ അജണ്ടയിലേക്ക് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അടുത്തുകൊണ്ടിരിക്കുകയാണോ എന്ന ആശങ്കയാണ് ബുധനാഴ്ചത്തെ വരാണസി ജില്ല കോടതി വിധിയിലൂടെ ഉയരുന്നത്.
1984ലാണ് ബാബരി മസ്ജിദ് ആരാധനക്ക് തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി പ്രക്ഷോഭം ആരംഭിച്ചത്. 1990 ഒക്ടോബറില്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ കൊടികെട്ടി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കര്‍സേവകര്‍ പള്ളി തകര്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന് നേരെയുള്ള ഹിന്ദുത്വയുടെ കടന്നുകയറ്റം രാജ്യത്തെ ഒന്നാകെയാണ് ആശങ്കപ്പെടുത്തുന്നത്. വര്‍ഷങ്ങളായി മുസ്ലിംകള് പ്രാര്‍ഥന നിര്‍വഹിച്ച് പോന്നിരുന്ന മസ്ജിദില്‍ പൂജ ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ് വരാണസി ജില്ലാ കോടതി. നേരത്തെ കോടതി ഉത്തരവിനെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
നിലവിലെ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകര്‍ത്തത് പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്താണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്ഷേത്രം തകര്‍ത്താണോ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21നാണ് എ.എസ്.ഐ സര്‍വേക്ക് ജില്ല കോടതി അനുമതി നല്‍കിയത്.
എന്നാല്‍, റിപ്പോര്‍ട്ടിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി രംഗത്തുവന്നിരുന്നു. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൗന്‍പൂരിലെ ഭൂവുടമ നിര്‍മ്മിച്ചതാണ് പള്ളി. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ഭരണകാലത്ത് പള്ളി നവീകരിച്ചു. പിന്നീട് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് പള്ളി കൂടുതല്‍ വിപുലീകരിച്ച് നവീകരണം നടത്തി. മുസ്ലിംകള് ഏകദേശം 600 വര്‍ഷമായി ഇവിടെ നമസ്കാരം നിര്‍വഹിക്കുന്നുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നാണ് പള്ളിയുള്ളത്. പള്ളി സമുച്ചയത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1991ല്‍ വരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന് വിശ്വേശരനാണ് ആദ്യമായി ഹരജി സമര്‍പ്പിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, ഇവിടെനിന്ന് മുസ്ലിംകളെ ഒഴിപ്പിക്കുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.
2019ല്‍ പ്രദേശം മുഴുവന്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന് വിശ്വേശ്വരന് വേണ്ടി റസ്തോഗി എന്ന വ്യക്തി ഹരജി നല്‍കിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. 2021 ആഗസ്റ്റിലാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ പള്ളി സമുച്ചയത്തില്‍ ആരാധന നടത്താന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്താന്‍ ജില്ല കോടതി അനുമതി നല്‍കിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. തുടര്‍ന്ന് സര്‍വേ നടത്തുകയും ഡിസംബര്‍ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതിലെ വിവരങ്ങളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പൂജ അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവും വരുന്നത്.
വരാണസിയിലെ ഗ്യാന്‍വാപി പള്ളി, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഉത്തര്‍പ്രദേശിലെ വിവിധ കോടതികളിലുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ഇവ നിര്‍മിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം.
ഗ്യാന്‍വാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട് കീഴ് കോടതികളില്‍ പുതിയ തര്‍ക്കങ്ങള്‍ ഉന്നയിക്കപ്പെടുന്നതില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് 1991ലെ നിയമം പൂര്‍ണമായി തടയുന്നുണ്ടെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന ബോര്‍ഡ് എക്സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും മതസ്വഭാവം 1947 ആഗസ്റ്റ് 15 എന്ന തീയതിയിലേതായിരിക്കുമെന്നും അതില്‍ ഒരു മാറ്റവും വരുത്തിക്കൂടെന്നുമാണ് നിയമത്തിലുള്ളത്. അയോധ്യയിലെ ബാബരി മസ്ജിദിനെ മാത്രം ഈ നിയമത്തില്‍നിന്ന് ഒഴിവാക്കി. തൊട്ടടുത്ത വര്‍ഷമാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.
കോടതി ഇടപെടലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുമെല്ലാം ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പുതിയ ക്ഷേത്രം നിര്‍മിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ബാബരി മസ്ജിദില്‍ എ.എസ്.ഐ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ ക്ഷേത്രഭാഗങ്ങള്‍ കണ്ടെത്തിയെന്ന കാര്യം മനഃപൂര്‍വം എഴുതിചേര്ക്കുകയായിരുന്നുവെന്ന് അന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു റിപ്പോര്‍ട്ട് തന്നെയാണ് ഇപ്പോള്‍ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവിലേക്കും വഴിവെച്ചത്.