India
നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം, ശേഷം ഡാന്‍സും ബാസ്കറ്റ് ബോള്‍ കളിയും; വിവാദങ്ങള്‍ വിട്ടൊഴിയാതെ പ്രഗ്യാ സിങ്
India

നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം, ശേഷം ഡാന്‍സും ബാസ്കറ്റ് ബോള്‍ കളിയും; വിവാദങ്ങള്‍ വിട്ടൊഴിയാതെ പ്രഗ്യാ സിങ്

Web Desk
|
9 July 2021 7:14 AM GMT

സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യക്ക് മുംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീല്‍ചെയറിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ സഞ്ചാരം.

ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍ വീണ്ടും വിവാദത്തില്‍. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി കൂടിയായ പ്രഗ്യാസിങ് ജാമ്യത്തിലിരിക്കെ പുറത്തുവരുന്ന വിഡിയോ ആണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. പ്രഗ്യാസിങ് ഡാന്‍സ് കളിക്കുന്ന വിഡിയോ ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ പ്രഗ്യാസിങിന്‍റേതായി പുറത്തുവരുന്ന മൂന്നാമത്തെ വിഡിയോ ആണിത്. ഒരു വിവാഹ വീട്ടിലെ പരിപാടിക്കിടയില്‍ പാട്ടിനൊപ്പം പ്രഗ്യാ സിങ് താളംവെക്കുന്നതാണ് പുതിയ വിഡിയോ.


സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യക്ക് മുംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീല്‍ചെയറിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ സഞ്ചാരം. ശേഷം പ്രഗ്യാ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 'ഗോമൂത്രവും മറ്റ് പാലുല്‍പ്പന്നങ്ങളും എന്‍റെ സ്തനാര്‍ബുദം ഭേദമാക്കി'യെന്ന തരത്തിലുള്ള അബദ്ധജനകമായ പ്രസ്താവനകള്‍ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ത്തന്നെ വീല്‍ചെയറിലിരുന്ന് പ്രചാരണം നടത്തുന്ന പ്രഗ്യയുടെ ഫോട്ടോകളും മറ്റും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ജാമ്യം എടുത്ത ശേഷം പ്രഗ്യാസിങ് ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. പന്ത് ഡ്രിബിള്‍ ചെയ്ത് അത് കൃത്യമായി നെറ്റിലെത്തിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുകയായിരുന്നു. ഇതിനെ ട്രോളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. 'ഇതുവരെ പ്രഗ്യാ സിംഗിനെ വീല്‍ചെയറിലായിരുന്നു കണ്ടത്. അവര്‍ക്ക് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കുന്നില്ലെന്ന സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പ്രഗ്യയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ അന്ന് പരിഹസിച്ചു.

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ് എന്ന പട്ടണത്തില്‍ മുസ്‍ലിം പള്ളിക്കു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രഗ്യാ സിംഗ് ഠാക്കൂറിന്റേതാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രക പ്രഗ്യയാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എന്‍.ഐ.എ ഇവരുടെ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 'കാവി ഭീകരത' എന്നാണ് ഭരണകൂടം അന്നത്തെ സ്ഫോടനത്തെ വിശേഷിപ്പിച്ചത്. ലഫ്റ്റ്നന്‍റ് കേണൽ പ്രസാദ് പുരോഹിത് സന്യാസിനി പ്രഗ്യാ സിങ് ഠാക്കൂർ എന്നിവർക്കെതിരെ കൊലക്കുറ്റവും റിട്ട. മേജർ രമേഷ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രഹിർക്കര്‍, സുധാകർ ദ്വിവേദി, സുധാകര്‍ ചതുർവേദി എന്നിവരാണ് ഗൂഢാലോചനാക്കുറ്റവും അന്ന് ചുമത്തപ്പെട്ടിരുന്നു. ഒമ്പതു വർഷത്തോളം ഈ കേസിൽ വിചാരണ നേരിട്ട് ജയിലിൽ ചെലവിട്ട പ്രഗ്യാ സിംഗിന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിലിറങ്ങുകയായിരുന്നു.



Similar Posts