'മദ്യപിക്കുമെന്നു കരുതി ബാറുകള്‍ക്ക് വാജ്പേയുടെ പേര് നല്‍കുമോ ?'; ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്
|'കോണ്‍ഗ്രസ് പദ്ധതികളും സ്ഥാപനങ്ങളും പേരു മാറ്റി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്'.
മദ്യപിക്കുമെന്നു കരുതി ബാറുകള്‍ക്ക് വാജ്‌പേയുടെ പേരിടാന്‍ ബി.ജെ.പി തയ്യാറാകുമോ എന്ന് കോണ്‍ഗ്രസ്. ഹുക്ക ബാറുകള്‍ക്ക് നെഹ്‌റുവിന്റെ പേരു നല്‍കണമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിക്ക് മറുപടി പറയുകയായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക് ഖാര്‍ഗെ.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ആരംഭിച്ച ഇന്ദിര കാന്റീനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടവെയാണ് ബി.ജെ.പി, നെഹ്‌റുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഓഫീസിലുള്ള എന്തിനുവേണമെങ്കിലും ഇന്ദിര ഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ പേരു നല്‍കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അതു വേണ്ട. ഹുക്കാ ബാറുകള്‍ക്ക് വേണമെങ്കില്‍ നെഹ്‌റുവിന്റെ പേരിടാവുന്നതാണെന്നും ബി.ജെ.പി നേതാവ് പറയുകയുണ്ടായി.
എന്നാല്‍, മദ്യപിക്കുന്നുണ്ടെന്ന് കരുതി ബി.ജെ.പി ബാറുകള്‍ക്ക് വാജ്പേയുടെ പേര് നല്‍കുമോ എന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. ദിവസവും മദ്യപിക്കാറുണ്ടെന്ന് വാജ്‌പേയി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് കൊണ്ടുവന്ന പദ്ധതികള്‍ക്കാണ് നേതാക്കളുടെ പേരിടുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ബി.ജെ.പി പുതുതായി ഒന്നും ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസ് പദ്ധതികളും സ്ഥാപനങ്ങളും പേരു മാറ്റി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പി നടത്തുന്ന പരാമര്‍ശങ്ങള്‍കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു നേതാവും ബി.ജെ.പിക്ക് ഇല്ല. കോണ്‍ഗ്രസിന്റേതുള്‍ടപ്പടെ നേതാക്കളെ ഹൈജാക്ക് ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. രാജ്യത്തെ ആരാണ് സവര്‍ക്കറുടെ പേര് കേട്ടിട്ടുള്ളതെന്നും ഖാര്‍ഗെ ചോദിച്ചു.