India
Rajeev Chandrasekhar_Union Minister
India

കേന്ദ്രമന്ത്രിയുടെ സത്യവാങ്മൂലം പരിശോധിക്കണം; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk
|
9 April 2024 10:29 AM GMT

രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ തെറ്റായ രീതിയില്‍ സമര്‍പ്പിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്

ഡല്‍ഹി: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്രമന്ദ്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ തെറ്റായ രീതിയില്‍ സമര്‍പ്പിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രമന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോഡിനാണ് (സി.ബി.ഡി.ടി) തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേന്ദ്രമന്ത്രി സ്വത്ത് വിവരങ്ങള്‍ തെറ്റായി സമര്‍പ്പിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഡി.ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സി.പി.ഐയും മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് . ഏപ്രില്‍ 5ന് രാജീവ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 28 കോടിയുടെ ആസ്തിയുള്ളതായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ രാജീവിന് മുഖ്യപങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റല്‍ ക്യാപിറ്റല്‍ അടക്കമുള്ള പ്രധാന ആസ്തികള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

നാമനിര്‍ദ്ദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ കൃത്രിമത്വം കാണിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് മാസത്തെ തടവോ അല്ലെങ്കില്‍ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.

എന്നാല്‍ പരാതി പരാജയഭീതികൊണ്ടാണെന്നായിരുന്നു രാജീവിന്റെ പ്രതികരണം. തെളിവുള്ളവര്‍ക്ക് കോടതിയില്‍ പോകാം. തന്നെ അധിക്ഷേപിക്കാനാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ വെളിപ്പെടുത്തലുകളും നിയമത്തിന് അനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെ എതിര്‍ സ്ഥാനാര്‍ഥിയായാണ് ചന്ദ്രശേഖര്‍.


Similar Posts