'ഗുരുതരമായ രോഗംമൂലം ജാമ്യത്തിൽ'; കബഡി കളിച്ച് പ്രജ്ഞാസിങ് താക്കൂർ
|പ്രജ്ഞാസിങ് നൃത്തം ചെയ്യുന്നതിന്റെയും ബാസ്‌കറ്റ് ബോൾ കളിക്കുന്നതിന്റെയും വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂർ കബഡി കളിക്കുന്ന വീഡിയോ പുറത്ത്. ഭോപ്പാലിൽ നിന്നുള്ള ലോക്‌സഭാംഗമായ പ്രജ്ഞാസിങ് തന്റെ മണ്ഡലത്തിലെ വനിതാ കളിക്കാർക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
പ്രജ്ഞാസിങ് നൃത്തം ചെയ്യുന്നതിന്റെയും ബാസ്‌കറ്റ് ബോൾ കളിക്കുന്നതിന്റെയും വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം വീൽചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാൽ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രജ്ഞാസിങ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞാസിങ് താക്കൂർ. 2017ലാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ജാമ്യത്തിലിറങ്ങിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ഭോപ്പാലിൽ നിന്ന് മത്സരിച്ചു ജയിച്ചു.
2008ലാണ് മലേഗാവിലെ മുസ്‌ലിം പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ സ്‌ഫോടനം നടത്തിയത്. ഇതിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിലാണ് ആരോഗ്യപ്രശ്‌നങ്ങൾ മൂലം നേരിട്ട് ഹാജരാവുന്നതിൽ നിന്ന് കോടതി ഇവർക്ക് ഇളവ് അനുവദിച്ചത്.