ഹിജാബിന് പിന്നാലെ ജീൻസും ടീഷർട്ടും വിലക്കി മുംബൈയിലെ കോളജ്
|ഹിജാബ് വിലക്കിയതിനെതിരായ വിദ്യാര്‍ഥികളുടെ ഹരജി കഴിഞ്ഞദിവസമാണ് ബോംബെ ഹൈക്കോടതി തള്ളിയത്
മുംബൈ: ഹിജാബിന് പിന്നാലെ ജീൻസും ടീ ഷർട്ടും ധരിച്ചുവരുന്നത് വിലക്കി മുംബൈയിലെ ചെമ്പൂർ ആചാര്യ മറാത്തെ കോളജ്. തിങ്കളാഴ്ച ജീൻസ് ധരിച്ചുവന്ന വിദ്യാർഥികളെ കോളജ് കാമ്പസിനുള്ളിൽ കടത്തിവിടാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കി. കോളജിനുള്ളിൽ ബുർഖ,ഹിജാബ് തുടങ്ങിയ വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർഥികൾ ബോംബൈ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജി കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ഡ്രസ് കോഡ് നിർദേശം കോളജ് പുറപ്പെടുവിച്ചത്. ജൂൺ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് ബോർഡിലിട്ടത്. ഇതനുസരിച്ച് കീറിയ ഡിസൈനുള്ള ജീൻസ്,ടീ ഷർട്ടുകൾ,ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രങ്ങൾ, ജേഴ്‌സികൾ എന്നിവ ധരിച്ച് കോളജിൽ വരാൻ പാടില്ല. വിദ്യാർഥികൾ കാമ്പസിൽ മാന്യവും ഔപചാരികവുമായ വസ്ത്രം ധരിക്കണം. ആൺകുട്ടികൾ ഹാഫ് സ്ലീവ് ഷർട്ടോ ഫുൾ സ്ലീവ് ഷർട്ടോ ധരിക്കണം.പെൺകുട്ടികൾക്ക് ഇന്ത്യൻ സംസ്‌കാരമനുസരിച്ചുള്ള വസ്ത്രമോ പാശ്ചാത്യ വസ്ത്രമോ ധരിക്കാം.
എന്നാൽ മതപരമായ ഒരു വസ്ത്രവും വിദ്യാർഥികൾ ധരിക്കരുത്. ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിലെ താഴത്തെ നിലയിലെ മുറികളിൽ പോയി നീക്കം ചെയ്യണം. അതിനുശേഷം മാത്രമേ അവർക്ക് കോളേജ് കാമ്പസിൽ സഞ്ചരിക്കാവൂവെന്നും കോളജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസിൽ പറയുന്നു.
'വിദ്യാർഥികൾ മാന്യമായ വസ്ത്രം ധരിച്ചുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതുവരെ കോളജിൽ യൂണിഫോം കൊണ്ടുവന്നിട്ടില്ല.എന്നാൽ ഔപചാരികമായ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാർഥികളെ അറിയിച്ചിരുന്നു'. ഇപ്പോൾ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രിൻസിപ്പൽ വിദ്യാഗൗരി ലെലെ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
365 ദിവസത്തിൽ വിദ്യാർഥികൾ ചുരുങ്ങിയത് 120-130 ദിവസമാണ് കോളജിലുണ്ടാകുന്നത്. ഈ ദിവസങ്ങളിൽ മാത്രം ഡ്രസ് കോഡ് പാലിക്കാൻ വിദ്യാർഥികൾക്ക് എന്താണ് പ്രശ്‌നം.വിദ്യാർഥികൾ കാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവരാൻ കാരണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
മുംബൈയിലെ രണ്ട് കോളേജുകളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹരജി കഴിഞ്ഞദിവസമാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ബോംബെയിലെ എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ എന്നീ കോളേജുകളിലെ വിദ്യാർഥികളാണ് ഉത്തരവിനെതിരെ ഹരജി നൽകിയത്. മതപരമായ കാര്യങ്ങൾ കോളേജിന്റെ തീരുമാനമാണ് ഇതിൽ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കോളജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ നിരോധിച്ചത് യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാൻ മാത്രമാണെന്നും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോളജ് അധികൃതർ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. മെയ് മാസമാണ് കോളജിൽ വീണ്ടും ശിരോവസ്ത്ര നിരോധനം ഏർപ്പെടുത്തിയത്. മതപരമായ ചിഹ്നങ്ങളായിട്ടല്ല ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നതാണ് വിദ്യാർഥിനികളുടെ വാദം.