തടി കുറച്ചാൽ വികസനത്തിന് 1000 കോടിയെന്ന് മന്ത്രിയുടെ വെല്ലുവിളി; 32 കിലോ കുറച്ച് ബിജെപി എംപി
|പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഫിറ്റ് ഇന്ത്യ' പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഗഡ്കരിയുടെ വെല്ലുവിളി
ഉജ്ജയിൻ: "ശരീരഭാരം കുറക്കുകയാണെങ്കിൽ നിങ്ങളുടെ മണ്ഡലത്തിലെ വികസനത്തിനായി ആയിരം കോടി നൽകും"; ഇതായിരുന്നു കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി. വിചിത്രമായി തോന്നിയെങ്കിലും അത് വളരെ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ബിജെപി എംപി അനിൽ ഫിറോജിയ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഫിറ്റ് ഇന്ത്യ' പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഗഡ്കരിയുടെ വെല്ലുവിളി. ഓരോ കിലോ കുറയ്ക്കുമ്പോഴും ഉജ്ജയിനിലെ വികസന പ്രവർത്തനങ്ങൾക്കായി ആയിരം കോടി വീതം നിങ്ങൾ നേടുമെന്ന് കഴിഞ്ഞ ജൂണിൽ ഒരു പൊതുവേദിയിൽ വെച്ച് മന്ത്രി അനിൽ ഫിറോജിയക്ക് വാക്കും നൽകി.
'135 കിലോയായിരുന്നു എന്റെ ഭാരം, ഇപ്പോൾ വെറും 93 കിലോയേയുള്ളൂ. എന്റെയൊരു പഴയ ഫോട്ടോ ഞാൻ ഫിറോജിയയെ കാണിച്ചപ്പോൾ അദ്ദേഹത്തിന് എന്നെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. ഫിറോജിയ്ക്ക് ഫണ്ട് അനുവദിക്കാൻ ഒരു നിബന്ധന വെക്കുകയാണ്. അദ്ദേഹം കുറയ്ക്കുന്ന ഓരോ കിലോക്കും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ആയിരം കോടി നൽകും'; ഗഡ്കരി പറഞ്ഞത് ഇങ്ങനെ.
ഇപ്പോൾ താൻ 32 കിലോ കുറച്ചുവെന്നാണ് എംപിയുടെ അവകാശവാദം. 'മന്ത്രിയുടെ വാഗ്ദാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ 32 കിലോ കുറച്ചു. ഇനിയും കുറയ്ക്കാൻ തയ്യാറാണ്. വാക്ക് തന്നത് പോലെ ഫണ്ട് അനുവദിക്കാൻ മന്ത്രിയോട് അഭ്യർത്ഥിക്കും'; എംപി പറഞ്ഞു.
ശരീരഭാരം കുറച്ചാൽ ഉജ്ജയിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റ് അനുവദിക്കുമെങ്കിൽ ഈ ഫിറ്റ്നസ് യുദ്ധം തുടരാൻ തയ്യാറാണെന്നുള്ള വാശിയിലാണ് എംപി. ശരീരഭാരം കുറയ്ക്കുന്നതിനായി കർശനമായ ഡയറ്റാണ് അനിൽ ഫിറോജിയ പിന്തുടരുന്നത്.
രാവിലെ കൃത്യം 5.30ന് എഴുന്നേൽക്കും, നേരെ പ്രഭാത നടത്തത്തിന് പോകും. യോഗയും ചെയ്യുന്നുണ്ട്. ഒരു ആയുർവേദ ഡയറ്റാണ് പിന്തുടരുന്നത്. പ്രഭാതഭക്ഷണം വളരെ ലഘുവായി മാത്രമേ കഴിക്കൂ. സലാഡ്, ഒരു പാത്രം പച്ചക്കറികൾ, ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു റൊട്ടി.. ഇത്രയുമാണ് ഉച്ചക്കും രാത്രിയും കഴിക്കുക. ഇടക്ക് കാരറ്റ് സൂപ്പും ഡ്രൈ ഫ്രൂട്ട്സും കഴിക്കാറുണ്ട്; എംപി തന്റെ ഫിറ്റ്നസ് ശൈലി വിശദീകരിച്ചു.
അതേസമയം, ഇക്കാര്യം ഗഡ്കരിയെ കണ്ട് പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചതായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ഫിറോജിയ എംപി പറഞ്ഞിരുന്നു. വാഗ്ദാനം ചെയ്തത് പോലെ ഉജ്ജയിൻ മണ്ഡലത്തിൽ 2,300 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മന്ത്രി അംഗീകാരം നൽകിയെന്നും എംപി പറഞ്ഞു.
ഫിറ്റ്നസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ഓഗസ്റ്റ് 29-ന് ആരംഭിച്ച മൂവ്മെന്റാണ് ഫിറ്റ് ഇന്ത്യ. ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്കൂൾ, കോളേജ്/യൂണിവേഴ്സിറ്റി, പഞ്ചായത്ത്/ഗ്രാമം മുതലായവയിൽ ഫിറ്റ്നസ് എത്തിക്കുക തുടങ്ങിയവയായിരുന്നു ഫിറ്റ് ഇന്ത്യയിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിട്ടത്.
മൂവ്മെന്റ് വിജയിപ്പിക്കുന്നതിനായി വിവിധ സംരംഭങ്ങൾ ഏറ്റെടുക്കാനും പരിപാടികൾ നടത്താനും സർക്കാർ ആഹ്വാനം ചെയ്തിരുന്നു.