നിതീഷ് കുമാറിന്റെ കാലുമാറ്റത്തിന് പിന്നാലെ ബിഹാറിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം
|നിലവിലെ സ്പീക്കർ അവധ് ബിഹാരി ചൗധരി ആർ.ജെ.ഡി നേതാവാണ്.
പട്‌ന: നിതീഷ് കുമാർ ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ സ്പീക്കർ അവധ് ബിഹാരി ചൗധരിക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം. ആർ.ജെ.ഡി നേതാവാണ് ചൗധരി. ബി.ജെ.പി നേതാക്കളായ നന്ദ കിഷോർ യാദവ്, തർകിഷോർ പ്രസാദ്, മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി, ജെ.ഡി.യു നേതാക്കളായ വിനയ് കുമാർ ചൗധരി, രത്‌നേഷ് സാദ തുടങ്ങിയവരാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഞായറാഴ്ചയാണ് നിതീഷ് കുമാർ മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് വീണ്ടും ബി.ജെ.പിക്കൊപ്പം ചേർന്നത്. നിതീഷ് കൂറുമാറിയതോടെ എൻ.ഡി.എ സഖ്യത്തിന് 128 എം.എൽ.എമാരായി. ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവരടങ്ങുന്ന മഹാ സഖ്യത്തിന് 114 എം.എൽ.എമാരാണുള്ളത്.
243 അംഗ ബിഹാർ നിയമസഭയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിക്ക് 78, ജെ.ഡി.യു 45, കോൺഗ്രസ് 19 എന്നിങ്ങനെയാണ് കക്ഷി നില. ഇടത് പാർട്ടികൾക്ക് 16 എം.എൽ.എമാരും ഹിന്ദുസ്ഥാൻ അവാമി മോർച്ചക്കും എ.ഐ.എം.ഐ.എമ്മിനും ഓരോ എം.എൽ.എമാർ വീതവുമാണുള്ളത്.