പഞ്ചാബിനും രാജസ്ഥാനും പിന്നാലെ ഹരിയാന കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാകുന്നു
|ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടനയെച്ചൊല്ലിയാണ് പാര്‍ട്ടിയിലെ ഭിന്നത
ഹരിയാന കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. പഞ്ചാബിനും രാജസ്ഥാനും പിന്നാലെയാണ് ഹരിയാനയിലും തര്‍ക്കം പുകയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടനയെച്ചൊല്ലിയാണ് പാര്‍ട്ടിയിലെ ഭിന്നത.
തർക്കത്തെ തുടർന്ന് അഞ്ച് എം.എല്‍.എമാര്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടു. പുനസംഘടനയ്ക്ക് മുന്‍പ് തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളും പരിഗണിക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. എം.എല്‍.എമാരായ കുല്‍ദീപ് വത്സ്, വരുണ്‍ ചൗധരി, ബി.എല്‍. സൈനി, രഘുഭിര് കദ്യാന്, ബിബി ബത്ര എന്നിവരാണ് കെ.സി. വേണുഗോപാലിനെ കണ്ടത്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി അടുത്തുനില്ക്കുന്ന എം.എല്‍.എമാരാണ് നേതൃത്വത്തെ കണ്ടതെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി പുനസംഘടനയില്‍ സംസ്ഥാന പ്രസിഡന്റ് കുമാരി ശെല്‍ജയുടെ അനുയായികള്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.