India
After Rahul Gandhi, Another MP Set To Lose Membership, Afzal Ansari sentenced to four years imprisonment
India

രാഹുൽ​ഗാന്ധിക്ക് പിന്നാലെ ബിഎസ്പി എം.പിക്കും സ്ഥാനം നഷ്ടമായേക്കും; ​കൊലക്കേസിൽ അഫ്സൽ അൻസാരിക്ക് നാല് വർഷം തടവ്

Web Desk
|
29 April 2023 11:55 AM GMT

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളിലാണ് ശിക്ഷ.

ലഖ്ന‍ൗ: കൊലപാതകക്കേസിൽ യു.പി മുൻ എം.എൽ.എയെ 10 വർഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ സഹോദരനായ ബിഎസ്പി എം.പിക്കും ജയിൽ ശിക്ഷ. ബഹുജൻ സമാജ് പാർട്ടി എം.പി അഫ്സൽ അൻസാരിയെയാണ് ഇതേ കേസിൽ ശിക്ഷിച്ചിരിക്കുന്നത്. 2007ലെ ഗുണ്ടാ ആക്ട് പ്രകാരം നാല് വർഷം തടവിനാണ് ഗാസിപൂർ കോടതി അൻസാരിയെ ശിക്ഷിച്ചത്.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളിലാണ് ശിക്ഷ. ഇതോടൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരനും മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരിക്ക് കോടതി 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ബിജെപി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഇരുവരേയും ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്താർ അൻസാരിയെയും സഹായി ഭീം സിങ്ങിനെയും ഗാസിപൂർ കോടതി കൊലപാതകക്കേസിൽ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലാണ് അന്ന് അൻസാരിക്ക് ശിക്ഷ വിധിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ ​ഗാന്ധിയെ പോലെ അഫ്സൽ അൻസാരിക്കും ലോക്സഭാം​ഗത്വം നഷ്ടമായേക്കും. രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാൽ ഏതൊരു അംഗവും അയോഗ്യനാക്കപ്പെടുമെന്നാണ് പാർലമെന്റ് ചട്ടം.

2019ലെ അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇതേ ചട്ടം അനുസരിച്ച് അടുത്തിടെ എം.പി സ്ഥാനം നഷ്ടമായിരുന്നു.

അതേസമയം, ഉത്തർപ്രദേശിൽ ​ഗുണ്ടാരാജ് അവസാനിച്ചെന്നും ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും 2005ൽ ഗാസിപൂരിൽ കൊല്ലപ്പെട്ട ബിജെപി എം.എൽ.എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക റായ് പ്രതികരിച്ചു.



Similar Posts