"അയോധ്യയിൽ രാമക്ഷേത്രം പണി തുടങ്ങിയതിന് ശേഷം കാശിയും മഥുരയുമെല്ലാം ഉണർന്നു": യോഗി ആദിത്യനാഥ്
|"ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നമസ്‌കാരം യു.പിയിലെ തെരുവിൽ നടത്താത്തത് ഇതാദ്യമാണ്"
ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതു മുതൽ കാശിയും മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നീ ക്ഷേത്ര നഗരങ്ങൾ ജനസാഗരം കൊണ്ട് ഉണർന്നുവരികയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താൻ അധികാരത്തിലേറിയതോടെ യു.പിയിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൽ നടന്ന ബിജെപിയുടെ ഏകദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
പ്രതിദിനം ഒരു ലക്ഷം ഭക്തർ കാശി സന്ദർശിക്കുന്നുണ്ടെന്നും രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നുവെന്നും യോഗി വ്യക്തമാക്കി. ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നമസ്‌കാരം തെരുവിൽ നടത്താത്തത് ഇതാദ്യമാണ്. നമസ്‌കാരത്തിന് ഒരു ആരാധനാലയമുണ്ട്, പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താം,' അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും സംസ്ഥാനത്ത് ആകെയുള്ള 80 ലോകസഭ സീറ്റിൽ 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ മുന്നേറണമെന്നും യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
2019ൽ ഉത്തർപ്രദേശിൽ ബിജെപി 62 ലോക്‌സഭാ സീറ്റുകളാണ് നേടിയത്. അയോധ്യയിൽ മഹത്തായ രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ആരംഭിച്ചതിന് ശേഷം, കാശിയുടെ ഉണർവാണ് നമുക്കെല്ലാവർക്കും കാണാനുകുന്നത്, ഈ സാഹചര്യത്തിൽ നാമെല്ലാവരും കൂടുതൽ മുന്നോട്ടു പോകേണ്ടതുണ്ട്, യോഗി കൂട്ടിച്ചേർത്തു. മഥുരയിലെയും വാരണാസിയിലെയും ക്ഷേത്ര-മസ്ജിദ് തർക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി പദത്തില്‍ എട്ട് വർഷം പൂർത്തിയാക്കിയ മോദിയെ അഭിനന്ദിച്ച ആദിത്യനാഥ്, 2024 ലക്ഷ്യമാക്കി ബി.ജെ.പിക്ക് വലിയ വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു.
സർക്കാരും പ്രതിപക്ഷവും എല്ലാ പൗരന്മാരിലേക്കും എത്തിയപ്പോൾ, എല്ലാത്തരം കുപ്രചരണങ്ങളും ഗൂഢാലോചനകളും സഖ്യങ്ങളും മെഗാ സഖ്യങ്ങളും ജനങ്ങള്‍ നിരസിച്ചു. ജനം ബിജെപിയിൽ വിശ്വാസം ഉറപ്പിക്കുകയും മൂന്നിൽ രണ്ട് ജനവിധി നൽകുകയും ചെയ്തതായും ആദിത്യനാഥ് പറഞ്ഞു.
After Ram temple in Ayodhya, Kashi, Mathura appear to be waking up: Adityanath