India
സിദ്ദു മൂസെവാലയുടെ കൊലപാതകം: തിരിച്ചടി നല്‍കുമെന്ന് ഭീഷണി
India

സിദ്ദു മൂസെവാലയുടെ കൊലപാതകം: തിരിച്ചടി നല്‍കുമെന്ന് ഭീഷണി

Web Desk
|
1 Jun 2022 10:01 AM GMT

രണ്ട് ദിവസത്തിനുള്ളില്‍ ഫലമുണ്ടാകുമെന്നാണ് ഭീഷണി

ഡല്‍ഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചടി നല്‍കുമെന്ന് സമൂഹ മാധ്യമത്തില്‍ സന്ദേശം. ഗുണ്ടാനേതാവ് നീരജ് ബവാനയുമായി ബന്ധമുള്ള സംഘമാണ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്.

"സിദ്ദു മൂസെവാല ഹൃദയത്തിന്‍റെ ഭാഗമാണ്. രണ്ട് ദിവസത്തിനകം ഫലമുണ്ടാകും" എന്നാണ് ഫേസ് ബുക്ക് സ്റ്റോറിയില്‍ പറഞ്ഞത്. ബവാന എന്ന പ്രൊഫൈലിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായി തിഹാർ ജയിലിൽ കഴിയുന്ന നീരജ് ബവാനയെ സ്റ്റോറിയില്‍ ടാഗ് ചെയ്തിട്ടുണ്ട്. കൂട്ടാളി തില്ലു താജ്പുരിയ, ഗുണ്ടാ നേതാവ് ദവീന്ദർ ബംബിഹ എന്നിവരെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

നീരജ് ബവാന സംഘത്തിലെ അംഗമായ ഭുപ്പി റാണയുടെ പേരിലുള്ള ഫേസ് ബുക്ക് പ്രൊഫൈലിലും ഭീഷണി പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. മൂസെവാലയുടെ കൊലപാതകം ഹൃദയഭേദകമായ സംഭവമാണെന്ന് പോസ്റ്റില്‍ പറയുന്നു. ഗുണ്ടാ നേതാക്കളായ ലോറൻസ് ബിഷ്‌ണോയിയെയും സഹായി ഗോൾഡി ബ്രാറിനെയും പോസ്റ്റില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഗുണ്ടാകുടിപ്പകയാണ് മൂസെവാലയുടെ കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകവുമായി മൂസെവാലയുടെ കൊലയ്ക്ക് ബന്ധമുണ്ട്. മിദ്ദുഖേരയുടെയും വിദ്യാർത്ഥി നേതാവ് ഗുർലാൽ ബാരയുടെയും കൊലപാതകത്തിന് മൂസെവാല സഹായം നല്‍കിയെന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ആരോപിച്ചിരുന്നു. എന്നാല്‍ മൂസെവാലയ്ക്ക് ഈ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് ഭുപ്പി റാണയുടെ പേരിലുള്ള ഫേസ് ബുക്ക് പ്രൊഫൈലില്‍ പറയുന്നു.

"സിദ്ദു മൂസെവാലയ്ക്ക് ഈ കൊലപാതകങ്ങളിൽ പങ്കില്ല. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ സഹായിച്ച എല്ലാവരുടെയും കണക്ക് എടുക്കും. കൊലപാതകത്തിന് ഉടൻ പ്രതികാരം ചെയ്യും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങൾ എപ്പോഴും പിന്തുണ നൽകും"- എന്നാണ് പോസ്റ്റ്. ജീവന് ഭീഷണിയുണ്ടെന്നും പഞ്ചാബ് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി ലോറന്‍സ് ബിഷ്‌ണോയി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Tags :
Similar Posts