India
കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം
India

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം

Web Desk
|
27 July 2021 1:24 AM GMT

സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി അഭിപ്രായം ആരാഞ്ഞാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ ആരംഭിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി അഭിപ്രായം ആരാഞ്ഞാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കർണ്ണാടകയിലെ നേതാക്കളുമായി ചർച്ച നടത്താൻ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രദാനെയും കർണാടകയുടെ ചുമതലയുള്ള അരുൺ സിങ്ങിനെ ബി.ജെ.പി നേതൃത്വം ചുമതപ്പെടുത്തി.

പാർട്ടിയിലെ തന്നെ എതിർപ്പിനെ തുടർന്ന് രാജി വയ്ക്കേണ്ടി വന്ന യെദ്യൂരപ്പയ്ക്ക് പകരം കർണ്ണാടകയിൽ മുഖ്യമന്ത്രിയാകുന്നയാൾ പൊതു സമ്മതനാകണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. നിലവിൽ ആരുടെയും പേര് ഉയർത്തിയല്ല ചർച്ച നടക്കുന്നതെങ്കിലും ലിങ്കായത്ത് സമുദായവുമായി അടുത്ത് നിൽക്കുന്ന ഒരാൾ കർണാടക മുഖ്യമന്ത്രിയാവാൻ തന്നെയാണ് സാധ്യത. ജാതി സമവാക്യം നിർണ്ണായകമാവുന്ന കർണാടകയിൽ ഇത് പരിഗണിച്ചു കൊണ്ടാകും കേന്ദ്രം നേതൃത്വം മുന്നോട്ട് പോവുക. ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുൻപിൽ ചില ഉപാധികൾ വെച്ചു കൊണ്ടാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കിൽ നേതൃത്വത്തിന് യദ്യൂരപ്പയെയും തൃപ്തിപെടുത്തേണ്ടി വരും. മകൻ വിജയേന്ദ്രയ്ക്ക് മന്ത്രി സഭ പുനഃസംഘടനയിൽ ഉപമുഖ്യമന്ത്രി സ്ഥാനമാണ് യെദ്യൂരപ്പ അവശ്യപ്പെട്ടിരിക്കുന്നതായാണ് വിവരം.

അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബി.ജെ.പി കർണാടകയിൽ പദ്ധതിയിടുന്നതായാണ് സൂചന. കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പാർട്ടി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നീ പേരുകൾ മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മൈനിംഗ് മന്ത്രി മുരുകേഷ് നിഗാനി, നിലവിൽ എം.എൽ.എയായ അർവിന്ദ് ബല്ലാദ് തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യ മന്ത്രിയാകണമെന്ന് ആവശ്യമുയർന്നാൽ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിനും നറുക്ക് വീണേക്കാം.

Similar Posts