India
റെയിൽവെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി; സുപ്രിംകോടതിയിൽ ഹരജി നൽകി ഹൽദ്വാനിയിലെ താമസക്കാർ
India

റെയിൽവെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി; സുപ്രിംകോടതിയിൽ ഹരജി നൽകി ഹൽദ്വാനിയിലെ താമസക്കാർ

Web Desk
|
4 Jan 2023 7:16 AM GMT

70 വർഷമായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് നാലായിരത്തിലേറെ വരുന്ന കുടുംബങ്ങളുടെ ആവശ്യം

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ റെയിൽവേ ഭൂമി ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഭൂമിയിലെ താമസക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുര നിവാസികൾ സമർപ്പിച്ച ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. 70 വർഷമായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് നാലായിരത്തിലേറെ വരുന്ന കുടുംബങ്ങളുടെ ആവശ്യം.

70 വർഷമായി ബൻഭൂൽപുരയിൽ താമസിച്ചുവരുന്ന അരലക്ഷത്തോളം ആളുകളെയാണ് ഡിസംബർ ഇരുപതിലെ ഹൈക്കോടതി ഉത്തരവ് ബാധിക്കുക. 29 ഏക്കർ വിസ്തീർണ്ണം ഉള്ള ഭൂമിയിൽ ആരാധനാലയങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെ നിന്നും കുടിയിറക്കിയാൽ എങ്ങോട്ട് പോകുമെന്ന് ആശങ്കയാണ് നാലായിരത്തിലേറെ വരുന്ന കുടുംബങ്ങൾക്കുള്ളത്.

ഹൽദ്വാനിയിലെ കോൺഗ്രസ് എംഎൽഎ സുമിത് ഹൃദയെഷിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങൾ സുപ്രിംകോടതിയെ സമീപിച്ചത്. ബദൽ സൗകര്യങ്ങൾ ഒരുക്കാത്ത സാഹചര്യത്തിൽ താമസിച്ച് വരുന്ന ഭൂമിയിൽ നിന്നും കുടിയിറക്കരുത് എന്നാണ് ഹരജിയിലെ ആവശ്യം.

വിഷയത്തിൽ മാനുഷിക പരിഗണന നൽകണമെന്ന് പ്രധാന മന്ത്രിയോടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോടും കോൺഗ്രസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുടിയിറക്കപ്പെടുന്നതിൽ വലിയൊരു വിഭാഗം പ്രായമായവരും കുട്ടികളും സ്ത്രീകളുമാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ഇപ്പോൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഭൂമി റെയിൽവേയുടേതായതിനാൽ തീരുമാനം റെയിൽവേയ്ക്ക് തന്നെ എടുക്കാം എന്നാണ് കോടതി ഉത്തരവിനെ കുറിച്ച് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അതേസമയം, താമസക്കാരോട് ഒഴിഞ്ഞുപോകാൻ നേരത്തെ ആവശ്യപ്പെട്ടതാണ് എന്നും തുടർനടപടികൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്ന് റെയിൽവേയും വ്യക്തമാക്കി.

Similar Posts