വ്യോമസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് ജൂൺ 24ന് ആരംഭിക്കും: ഇന്ത്യൻ എയർഫോഴ്സ് മേധാവി
|കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് സകീം യുവാക്കൾക്ക് പ്രയോജനകരമാണെന്നും ഇന്ത്യൻ എയർഫോഴ്സ് മേധാവി
ന്യൂഡൽഹി: വ്യോമസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് ജൂൺ 24 ന് ആരംഭിക്കുമെന്ന് ഇന്ത്യൻ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു. 2022 ലെ അഗ്നിപഥ് സ്കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനായി പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തിയതിൽ ഇന്ത്യൻ എയർഫോഴ്സ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചിരുന്നു. അഗ്നിപഥ് സ്കീമുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എയർഫോഴ്സ് മേധാവിയുടെ പുതിയ അറിയിപ്പ്.
കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് സകീം യുവാക്കൾക്ക് പ്രയോജനകരമാണെന്നും വിആർ ചൗധരി വ്യക്തമാക്കി. കോവിഡിനെ തുടർന്ന് വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്ത്യൻ നാവികസേന കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യഥാക്രമം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
'അഗ്നിപഥ്' പദ്ധതിക്കെതിരെ ബിഹാറിലുടനീളം അക്രമാസക്തമായ പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിനാളുകൾ റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തി, പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മുസാഫർപൂർ, ബെഗുസാരായി, ബക്സർ ജില്ലകളിൽ പദ്ധതിയെച്ചൊല്ലി പ്രതിഷേധക്കാർ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. 'അഗ്നിവീർ' റിക്രൂട്ട്മെന്റ് അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സംരഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പാക്കേജും ബാങ്ക് വായ്പയും ലഭ്യമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പദ്ധതി വന്നാൽ സേനയിലെ തൊഴിലവസരങ്ങൾ മൂന്ന് ഇരട്ടിയാകുമെന്നും യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇവർക്ക് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലോ (സി.എ.എ.എഫ്) സംസ്ഥാന പൊലീസിലോ നേരിട്ട് കരിയർ തുടങ്ങാനാകുമെങ്കിൽ ആദ്യം സൈന്യത്തിൽ ചേരുന്നതെന്തിനാണെന്നാണ് വിദഗ്ധർ ചോദിക്കുന്നത്.
പുതിയ പദ്ധതി വന്നതോടെ തങ്ങൾ പെൻഷനും ഇതര ദീർഘകാല ആനുകൂല്യങ്ങളുമുള്ള പൊലീസിൽ ചേരാൻ പോകുകയാണെന്നാണ് പല ഉദ്യോഗാർഥികളും പറയുന്നത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളിൽ പ്രതിവർഷം 45,000 യുവാക്കളെ പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തിന്റെ സൈന്യത്തിന് യുവത്വം നൽകുന്നതാണ് കേന്ദ്രതീരുമാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യുവാക്കൾ വരുന്നത് സേനകളെ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ അഭിപ്രായപ്പെട്ടു.