India
അഗ്നിപഥില്‍ തീരുമാനമെടുക്കും മുന്‍പ് ഞങ്ങളെ കേള്‍ക്കണം: കേന്ദ്രം സുപ്രിംകോടതിയില്‍
India

'അഗ്നിപഥില്‍ തീരുമാനമെടുക്കും മുന്‍പ് ഞങ്ങളെ കേള്‍ക്കണം': കേന്ദ്രം സുപ്രിംകോടതിയില്‍

Web Desk
|
21 Jun 2022 6:32 AM GMT

മൂന്ന് ഹരജികളാണ് സുപ്രിംകോടതിയിൽ എത്തിയത്

ഡല്‍ഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റ് സ്കീമിനെ ചോദ്യംചെയ്യുന്ന ഹരജികളിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതി സര്‍ക്കാരിന്‍റെ ഭാഗം കേൾക്കണമെന്ന് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്‍റ് സ്കീമിനെതിരെ മൂന്ന് ഹരജികളാണ് സുപ്രിംകോടതിയിൽ എത്തിയത്. അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്കീം പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹർഷ് അജയ് സിങ് തിങ്കളാഴ്ചയാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. പദ്ധതിയുടെ പ്രഖ്യാപനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് കാരണമായെന്ന് ഹരജിയില്‍ പറയുന്നു.

നേരത്തെ, അഭിഭാഷകരായ എം.എൽ ശർമയും വിശാൽ തിവാരിയും രണ്ട് വ്യത്യസ്ത ഹരജികള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധവും പാർലമെന്‍റിന്‍റെ അംഗീകാരമില്ലാത്തതുമാണ് പുതിയ റിക്രൂട്ട്മെന്‍റ് എന്ന് എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയെയും സേനയെയും പുതിയ സ്കീം എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് വിശാൽ തിവാരി ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ ജൂൺ 14ന് അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതിന് ശേഷം നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയർന്നു. പദ്ധതി പ്രകാരം 17.5നും 21നും ഇടയിൽ പ്രായമുള്ള ആളുകളെ നാല് വർഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യും. 25 ശതമാനം പേര്‍ക്കു മാത്രം സ്ഥിരം നിയമനം നല്‍കും. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സർക്കാർ ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 23 വയസ്സായി ഉയര്‍ത്തി. റിക്രൂട്ട്മെന്‍റ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

Similar Posts