അഗ്നിപഥ്: യു.പി, ബിഹാര്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു
|കർഷക സമരം ആളിക്കത്തിയപ്പോൾ പോലും ട്രെയിനിന് തീയിടുന്നത് പോലുള്ള അക്രമാസക്തമായ രീതിയിലേക്ക് സമരം വഴുതി വീണിരുന്നില്ല
പ്രതിഷേധത്തിനിടയിലും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. ബിഹാർ, യു.പി ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ പ്രതിഷേധമെന്നതും സർക്കാരിനെ കുഴക്കുന്നുണ്ട്.
ആറു മാസത്തെ പരിശീലനത്തിനും മൂന്നര വര്‍ഷത്തെ ജോലിയ്ക്കും ശേഷം പുറത്തിറങ്ങുന്ന അഗ്നിവീര്‍മാരുടെ തൊഴിൽ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യംചെയ്യുന്നത്. ഇതിന് മറുപടിയായിട്ടാണ് കേന്ദ്ര -സംസ്ഥാന പൊലീസ് മുതൽ അസം റൈഫിൾസിൽ വരെ തൊഴിൽ സംവരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നത്. കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് ലഭിക്കുന്ന 12 ലക്ഷത്തിനടുത്ത തുക ആകര്‍ഷകമല്ലെന്നും സ്ഥിരം ജോലിയാണ് വേണ്ടതെന്നും പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കർഷക സമരം ആളിക്കത്തിയപ്പോൾ പോലും ട്രെയിനിന് തീയിടുന്നത് പോലുള്ള അക്രമാസക്തമായ രീതിയിലേക്ക് സമരം വഴുതി വീണിരുന്നില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ, സമാധാനപരമായി സമരം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചെറുപ്പക്കാരോട് ഉപദേശിക്കുന്നുണ്ട് . സൈന്യത്തിലേക്കുള്ള പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ വാട്സ്ആപ് നമ്പറുകൾ അക്രമത്തിനു ആഹ്വനം ചെയ്തിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രക്ഷോഭ രീതിക്ക് സംഘടിത സ്വഭാവം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിരീക്ഷണം. പിടിയിലായ ചെറുപ്പക്കാരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു.