India
India
കത്തിപ്പടർന്ന് അഗ്നിപഥ് പ്രതിഷേധം; ഏഴു സംസ്ഥാനങ്ങളിൽ ജനങ്ങള്‍ തെരുവിൽ... വിട്ടുവീഴ്ചയിലും തൃപ്തരല്ലെന്ന് സമരക്കാര്‍
|17 Jun 2022 10:52 AM GMT
പദ്ധതി പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടന്ന 10 കാര്യങ്ങൾ
ഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു. നിരവധി സംസ്ഥാനങ്ങളിൽ രോഷാകുലരായ ജനക്കൂട്ടം ട്രെയിനുകൾക്ക് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രാജ്യത്ത് അഗ്നിപഥ് സംഘർഷവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ..
- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് പ്രതിഷേധം രൂക്ഷമായത്. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ അക്രമാസക്തരായി. സംഘർഷങ്ങളിൽ തെലങ്കാനയിലെ സെക്കന്തരാബാദിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. പശ്ചിമ ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെ വീടിന് നേരയാണ് ആക്രമണമുണ്ടായത്.'ഇത്തരം അക്രമങ്ങൾ സമൂഹത്തിന് വളരെ അപകടകരമാണ്. ഇത് സമൂഹത്തിന് ഒരു നഷ്ടമാണെന്ന് പ്രതിഷേധക്കാർ ഓർക്കണം' ദേവി എൻ.ഡി.ടി.വിയോട് പറഞ്ഞു. ബുധനാഴ്ച ആരംഭിച്ച അഗ്നി പഥ് പ്രതിഷേധം ഏറ്റവും കൂടുതൽ ശക്തമായത് ബീഹാറിലാണ്.
- ഉത്തർപ്രദേശിലെ ബല്ലിയയിലെ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ ജനക്കൂട്ടം ട്രെയിൻ കോച്ചിന് തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. സംഘർഷത്തിൽ റെയിൽവേ സ്റ്റേഷന്റെ നിരവധി സ്വത്തുക്കൾ നശിച്ചു. ഉത്തർപ്രദേശിന്റെ കിഴക്കൻ ജില്ലയിലെ റെയിൽവേ സ്റ്റേഷന് പുറത്തുള്ള തെരുവുകളിൽ വടികളും മറ്റുമായെത്തിയ പ്രതിഷേധക്കാർ പൊലീസുമായി സംഘർഷത്തിലേർപ്പെട്ടു.
- ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം 200 ലധികം ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്. 35 ട്രെയിനുകൾ റദ്ദാക്കുകയും 13 എണ്ണം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തതായി റെയിൽവെ അറിയിച്ചു.
- കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള 'പരിവർത്തന' പദ്ധതിയെന്നാണ് അഗ്നിപഥിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. നാല് വർഷത്തെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലായിരിക്കും സൈന്യത്തിലേക്ക് ആളെ എടുക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
- സർക്കാർ കൊട്ടിയാഘോഷിച്ച് അവതരിപ്പിച്ച പദ്ധതിയില്‍ ജനങ്ങള്‍ തൃപ്തരല്ല . 17.5 മുതൽ 21 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്കാണ് അവസരം. ഈ പ്രായപരിധി അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കൂടാതെ നാലുവർഷത്തെ സേവന കാലായളവിലും തൃപ്തരല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നാല് വർഷം കഴിയുമ്പോൾ 75 ശതമാനം പേരും വീണ്ടും തൊഴിൽ രഹിതരാകുമെന്നും പദ്ധതിക്ക് കീഴിൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
- പുതിയ റിക്രൂട്ട്മെന്റ് നയത്തിനെതിരെ പ്രതിപക്ഷവും സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷ ഹ്രസ്വകാലത്തേക്കുള്ളതല്ലെന്നും ഗൗരവമായ ദീർഘകാല നയമാണെന്നും രാജ്യത്തിന്റെ ഭാവിക്ക് മാരകമായേക്കാം എന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ യാദവും പ്രതികരിച്ചു.
- രാജ്യവ്യാപക പ്രതിഷേധങ്ങളെ തുടർന്ന് അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും സർക്കാർ വ്യക്തമാക്കി. രണ്ട് വർഷമായി സേനയിലേക്ക് റിക്രൂട്ട്മെന്റുകൾ നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം.
- പുതിയ നയം യുവാക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി കരസേനയിലെ റിക്രൂട്ട്മെന്റ് പ്രക്രിയയെ ബാധിച്ചിട്ടുണ്ടെന്നും യുവാക്കളുടെ ശോഭനമായ ഭാവി കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഇപ്പോൾ സുപ്രധാനമായ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത്ഷായുടെ പ്രതികരണം.
- ഒറ്റത്തവണ ഇളവ് നൽകാനുള്ള സർക്കാരിന്റെ തീരുമാനം സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്നും റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. 'അഗ്നിവീരന്മാരായി' കരസേനയിൽ ചേരാനുള്ള അവസരം യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും കരസേനാ മേധാവി ആഹ്വാനം ചെയ്തു.