India
അഗ്നിപഥുമായി ബന്ധപ്പെട്ട ആശങ്കകൾ അംഗീകരിക്കുന്നു, അക്രമത്തിന്റെ മാർഗം ഉപേക്ഷിക്കൂ; കൈകൂപ്പി വരുൺ ഗാന്ധി
India

അഗ്നിപഥുമായി ബന്ധപ്പെട്ട ആശങ്കകൾ അംഗീകരിക്കുന്നു, അക്രമത്തിന്റെ മാർഗം ഉപേക്ഷിക്കൂ; കൈകൂപ്പി വരുൺ ഗാന്ധി

Web Desk
|
17 Jun 2022 1:36 PM GMT

പ്രതിഷേധിക്കുമ്പോൾ ജനാധിപത്യ മര്യാദ നിലനിർത്തണമെന്ന് വരുൺ ഗാന്ധി

ന്യൂഡൽഹി: അഗ്നിപഥുമായി ബന്ധപ്പെട്ട ആശങ്കകൾ അംഗീകരിക്കുന്നതായി ബിജെപി ലോക്സഭാ എംപി വരുൺ ഗാന്ധി. ഇതോടെ പ്രതിഷേധക്കാർക്ക് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുകയാണ്. അക്രമത്തിന്റെ മാർഗം ഉപേക്ഷിച്ച് അക്രമരഹിതമായ പ്രതിഷേധ രീതികൾ അവലംബിക്കണമെന്ന് പ്രതിഷേധക്കാരോട് അദ്ദേഹം കൈകൂപ്പി അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. അഗ്നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്.

പ്രതിഷേധിക്കുമ്പോൾ ജനാധിപത്യ മര്യാദ നിലനിർത്തണം. ഒരു സൈനികൻ രാജ്യത്തിന്റെ താൽപ്പര്യത്തിനാണ് ഒന്നാം സ്ഥാനം നൽകേണ്ടത്. പൊതു സ്വത്ത് നശിപ്പിച്ച് നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ധാർമ്മികമായി തെറ്റാണെന്നും പ്രതിഷേധക്കാരുടെ ആശങ്കകൾ സർക്കാറിനെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ മാർച്ചുകളിലൂടെയും മറ്റും തങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാറിനെ അറിയിക്കാൻ വരുൺ ഗാന്ധി പ്രതിഷേധക്കാരെ ഉപദേശിക്കുകയും ചെയ്തു. സുരക്ഷിതമായ ഭാവി ഓരോ യുവാക്കളുടെയും അവകാശമാണ്, നീതി നടപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ കേന്ദ്ര സർക്കാർ പ്രായപരിധി പരിഷ്‌കരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് സ്‌കീമിൽ സർക്കാർ ഉചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുമെന്നതിന് ഇത് വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥുമായി ബന്ധപ്പെട്ട് തന്നോട് ആശങ്കകൾ പങ്കുവെച്ച ആയിരക്കണക്കിന് സായുധ സേനാ മോഹികളുമായി താൻ സംവദിച്ചിട്ടുണ്ടെന്നും വരുൺ ഗാന്ധി പറഞ്ഞു. അവരുടെ പരാതികൾ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൽനിന്നും അനുകൂലമായ സമീപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

''നിങ്ങൾക്ക് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സാഹചര്യമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ കൈകൾ കൂപ്പി ഒരു സഹോദരനെ പോലെ അഭ്യർത്ഥിക്കുകയാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ പോലും സംഭാഷണത്തിലൂടെ പരിഹരിക്കാനാകും. നിങ്ങളെപ്പോലുള്ള ആദർശവാദികളും ദേശീയവാദികളുമായ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി. നിങ്ങളിൽ പ്രതീക്ഷകളേറെയാണ്.'' വരുൺ ഗാന്ധി പറഞ്ഞു.

പുതിയ സൈനിക റിക്രൂട്ട്മെന്റ് നയത്തെച്ചൊല്ലി വിവിധ സംസ്ഥാനങ്ങളിൽ അക്രമാസക്തകമായ പ്രതിഷേധങ്ങൾ തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 110 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 47 എണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. 11 സ്ഥലങ്ങളിൽ ട്രെയിനുകൾക്ക് തീയിട്ടു. അക്രമാസക്തമായ പ്രതിഷേധങ്ങൾ തുടരുമ്പോഴും പുതിയ സൈനിക റിക്രൂട്ട്മെന്റ് നയം യുവാക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പു നൽകുകയാണ് കേന്ദ്ര സർക്കാർ.

Similar Posts