India
സിപിഐ ആസ്ഥാനത്തെ മുറിയിലെ സ്വന്തം എസി കനയ്യ അഴിച്ചു കൊണ്ടുപോയി
India

സിപിഐ ആസ്ഥാനത്തെ മുറിയിലെ സ്വന്തം എസി കനയ്യ അഴിച്ചു കൊണ്ടുപോയി

Web Desk
|
28 Sep 2021 7:14 AM GMT

സംഭവം സിപിഐ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു

കോൺഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പട്‌ന സിപിഐ ആസ്ഥാനത്തെ മുറിയിൽ സ്വന്തം ചെലവില്‍ സ്ഥാപിച്ച എയർ കണ്ടീഷൻ അഴിച്ചു കൊണ്ടു പോയി കനയ്യ കുമാർ. സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണ് കനയ്യ കൊണ്ടുപോയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ പറഞ്ഞു. എസി കൊണ്ടു പോകാൻ താൻ സമ്മതം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കനയ്യ കോൺഗ്രസിൽ ചേരില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷ. കാരണം അദ്ദേഹത്തിന്റെ മനസ്സ് കമ്യൂണിസ്റ്റിന്റേതാണ്. ഇത്തരം ആളുകൾ അവരുടെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിൽക്കുന്നവരാകും. സെപ്തംബർ നാലിനും അഞ്ചിനും ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ നിർവാഹക സമിതിയിൽ കനയ്യ പങ്കെടുത്തതാണ്. ആ യോഗത്തിൽ അദ്ദേഹം ഏതെങ്കിലും തസ്തിക ആവശ്യപ്പെടുകയോ പാർട്ടി വിടുമെന്ന സൂചന നൽകുകയോ ചെയ്തിരുന്നില്ല' - പാണ്ഡെ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡണ്ടായ കനയ്യയുടെ കോൺഗ്രസ് പ്രവേശം. നിലവിൽ സിപിഐ നേതാവും പാർട്ടി നിർവാഹക കൗൺസിൽ അംഗവുമാണ്. കനയ്യയ്‌ക്കൊപ്പം കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ ദലിത് അധികാർ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനി മറ്റൊരു ദിവസം പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ വദ്ഗാം നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് മേവാനി. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മേവാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

വിദ്യാർഥി നേതാവായിരിക്കെ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോൺഗ്രസ് നൽകുക. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

കനയ്യയ്ക്കു പിറകെ കൂടുതൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും കോൺഗ്രസിലെത്തുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. രാഹുൽ ഗാന്ധിക്കു പുറമേ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളിൽ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബേഗുസെരായ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്.

Similar Posts