കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ പൊലീസ് കസ്റ്റഡിയില്‍
|ഞായറാഴ്ച രാത്രി കരിംനഗറിലാണ് സംഭവം
സംസ്ഥാന സർക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി കരിംനഗറിലാണ് സംഭവം.
തൊഴിൽ വിഭജനത്തിൽ സോണൽ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി 9 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ബന്ദി കുമാര്‍ തന്‍റെ ഓഫീസിൽ പ്രതിഷേധം പ്ലാന്‍ ചെയ്തിരുന്നു. സർക്കാർ ഉത്തരവ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട താൽപര്യങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കുമാർ പറയുന്നു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് സഞ്ജയ് കുമാറിനെയും ഓഫീസിൽ തടിച്ചുകൂടിയ മറ്റ് ബി.ജെ.പി പ്രവർത്തകരെയും തടഞ്ഞുവെച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രതിഷേധം നടത്താൻ ഔദ്യോഗിക അനുമതിയൊന്നും എടുത്തിട്ടില്ലെന്നും കോവിഡ് വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് പാർട്ടി പ്രവർത്തകർ ഒത്തുകൂടിയതെന്നും പൊലീസ് പറഞ്ഞു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാധാനപരമായാണ് പ്രതിഷേധം നടത്താനിരുന്നതെന്നും എന്തുകൊണ്ടാണ് ഭരണകക്ഷിയായ ടി.ആർ.എസ് നേതാക്കളുടെ പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതെന്നും സഞ്ജയ് കുമാര്‍ ചോദിച്ചു.
''GO 317 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യവും പിന്തുണയുമായി പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് മർദ്ദിച്ചു. സ്ത്രീകളടക്കം നിരവധി ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു'' പൊലീസ് നടപടിയെ അപലപിച്ച് ബി.ജെ.പിയുടെ ഐടി വിഭാഗത്തിന്‍റെ ചുമതലയുള്ള അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
Telangana police manhandles BJP state president Bandi Sanjay Kumar because he was leading a protest in solidarity and support of government teachers and employees, who are demanding revocation of GO 317. Several BJP workers, including women, have been arrested.
— Amit Malviya (@amitmalviya) January 2, 2022
TRS is losing it. pic.twitter.com/gHP8JwJVIT