അഹമ്മദാബാദ് സ്ഫോടനക്കേസ് വിധി പ്രചാരണ ആയുധമാക്കി ബി.ജെ.പി
|കേസിലെ പ്രതികൾക്ക് സമാജ്വാദി പാർട്ടി നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം
അഹമ്മദാബാദ് സ്ഫോടനക്കേസും കോടതി വിധിയും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നു. കേസിലെ പ്രതികൾക്ക് സമാജ്വാദി പാർട്ടി നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മുഖ്യ എതിരാളികളായ സമാജ്വാദി പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമെല്ലാം മുതലെടുക്കുകയാണ് ബി.ജെ.പി. 2008ലെ അഹമ്മദാബാദ് സ്ഫോടനവും പ്രത്യേക കോടതിയുടെ വിധിയുമാണ് പുതിയ പ്രചാരണ വിഷയം. സ്ഫോടനക്കേസ് പ്രതികൾ സമാജ്വാദി പാർട്ടിയുമായി ബന്ധമുള്ളവരാണെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. പ്രതികളുടെ കുടുംബാംഗങ്ങൾ അഖിലേഷ് യാദവിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്നും യോഗി പറഞ്ഞു. പിലിഭിത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് എസ്.പിയെ യോഗി കടന്നാക്രമിച്ചത്.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ആരോപണം ആവർത്തിച്ചു. കേസിലെ 49 പ്രതികളിൽ ഒരാളായ മുഹമ്മദ് സെയ്ഫ് എസ്.പി നേതാവ് ശതാബ് അഹമ്മദിന്റെ മകനാണ്. എന്തുകൊണ്ടാണ് വിഷയത്തിൽ അഖിലേഷ് യാദവ് മൗനം പാലിക്കുന്നതെന്നാണ് അനുരാഗ് താക്കൂറിന്റെ ചോദ്യം. കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് മരണം വരെ ജീവപര്യന്തവുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.