India
വാതിലും ജനലും പൂട്ടിയിടുക; അമിത് ഷായുടെ സന്ദർശനത്തിനുമുന്‍പ് നാട്ടുകാർക്ക് പൊലീസ് സർക്കുലർ
India

'വാതിലും ജനലും പൂട്ടിയിടുക'; അമിത് ഷായുടെ സന്ദർശനത്തിനുമുന്‍പ് നാട്ടുകാർക്ക് പൊലീസ് സർക്കുലർ

Web Desk
|
12 July 2021 2:17 PM GMT

അഹ്‌മദാബാദിലെ വേജാൽപൂരിൽ കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ സന്ദർശനത്തിനു മുന്നോടിയായായിരുന്നു സമീപത്തെ വീട്ടുകാരോട് പൊലീസ് ജനലും വാതിലും പൂട്ടി വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടത്

ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശന സമയത്ത് വീടുകളുടെ ജനലും വാതിലും അടയ്ക്കാൻ പൊലീസിന്റെ നിർദേശം. അഹ്‌മദാബാദിലെ വേജാൽപൂരിൽ കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ സന്ദർശനത്തിനു മുന്നോടിയായായിരുന്നു പൊലീസ് നാട്ടുകാരോട് ജനലും വാതിലും പൂട്ടി വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടത്. സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

വേജാൽപൂരിൽ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അമിത് ഷാ. ഈ സമയത്തായിരുന്നു സമീപത്തെ വീടുകളിലുള്ളവരോട് ജനലും വാതിലും പൂട്ടിയിടാൻ വേജാൽപൂർ പൊലീസ് ഇൻസ്‌പെക്ടർ എൽഡി ഒഡേദ്ര നിർദേശിച്ചത്. ഇസഡ് സുരക്ഷാ വിഭാഗത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി വേജാൽപൂർ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യാൻ വരികയാണ്. അതിനാൽ, ഞായറാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഹാളിന്റെ മുന്നിലുള്ള വീട്ടുകാർ ജനലും വാതിലും അടച്ചിടണമെന്ന് ആവശ്യപ്പെടുകയാണെന്നായിരുന്നു പൊലീസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഒഡേദ്ര രംഗത്തെത്തി. അതൊരു ഉത്തരവായിരുന്നില്ലെന്നും അപേക്ഷ മാത്രമായിരുന്നെന്നുമായിരുന്നു പൊലീസ് ഇൻസ്‌പെക്ടറുടെ പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ നിരീക്ഷണങ്ങൾ എളുപ്പമാക്കാനാണ് ഇത്തരമൊരു അപേക്ഷ പുറപ്പെടുവിച്ചത്. ഹാളിനുമുന്നിലുള്ള വീട്ടുകാർ ജനലും വാതിലും പൂട്ടുകയാണെങ്കിൽ കുറച്ചു ഭാഗത്തെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ചാൽ മതിയാകും. അതുമാത്രമായിരുന്നു സർക്കുലർ കൊണ്ടുള്ള ഉദ്ദേശ്യമെന്ന് എൽഡി ഒഡേദ്ര വിശദീകരിച്ചു.

മുകളിൽനിന്നുള്ള നിർദേശപ്രകാരമല്ല ഇത്തരമൊരു സർക്കുലറിറക്കിയതെന്നും ഒഡേദ്ര വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു അമിത് ഷാ.

Related Tags :
Similar Posts