India
പനീർ സെൽവത്തെ പുറത്താക്കി; പളനിസാമി എഐഎഡിഎംകെ ഇടക്കാല അധ്യക്ഷന്‍
India

പനീർ സെൽവത്തെ പുറത്താക്കി; പളനിസാമി എഐഎഡിഎംകെ ഇടക്കാല അധ്യക്ഷന്‍

Web Desk
|
11 July 2022 7:58 AM GMT

പാർട്ടി ആസ്ഥാനത്ത് അനുയായികള്‍ ഏറ്റുമുട്ടി

ചെന്നൈ: എഐഎഡിഎംകെ നേതൃതർക്കത്തില്‍ പളനിസ്വാമി പക്ഷത്തിന് വിജയം. അനുകൂല കോടതി വിധിക്ക് പിന്നാലെ യോഗം ചേർന്ന് എടപ്പാടി കെ പളനിസാമിയെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഒ.പനീർ സെൽവത്തെ പുറത്താക്കി. പാർട്ടി ആസ്ഥാനത്ത് അനുയായികള്‍ ഏറ്റുമുട്ടി.

പാർട്ടിയിലെ ഇരട്ട നേതൃസ്ഥാനത്തെ തുടർന്നുണ്ടായ തുടർ പരാജയങ്ങളാണ് ഒറ്റ അധ്യക്ഷൻ എന്ന തീരുമാനത്തിലേക്ക് എഐഎഡിഎംകെയെ എത്തിച്ചത്. പാർട്ടി ജനറൽ കൗണ്‍സിൽ യോഗം വിളിച്ചു ചേർക്കാൻ എടപ്പാടി കെ.പളനിസ്വാമി നിർദേശം നൽകിയെങ്കിലും അതിനെതിരെ പനീർസെൽവം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടിയന്തരമായി ഹരജി പരിഗണിച്ച കോടതി യോഗം ചേരാൻ അനുമതി നൽകി. പിന്നാലെയാണ് ജനറൽ കൗണ്‍സിൽ ചേർന്ന് എടപ്പാടി കെ പളനിസാമിയെ ഇടക്കാല അധ്യക്ഷനായി തെരഞ്ഞെടുത്തത്.

2500 കൌണ്‍സിൽ അംഗങ്ങൾ എടപ്പാടി കെ പളനിസാമിയെ പിന്തുണച്ചു. പാർട്ടിയിലെ കോർഡിനേറ്റർ, ജോയിന്‍റ് കോർഡിനേറ്റർ പദവികളും ഇനി ഉണ്ടാകില്ല.പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ പനീർസെൽവത്തെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാനും യോഗത്തിൽ ധാരണയായി. എന്നാൽ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് പനീർ സെൽവം അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് ഇരുകൂട്ടരെയും അനുകൂലിക്കുന്ന പ്രവർത്തകർ ഇന്നും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു.

Similar Posts