എംജിആറിന്റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം
|പ്രതിമയില്‍ കാവി ഷാള്‍ കണ്ടെത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി
ചെന്നൈ: എഐഎഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിന്റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച സംഭവത്തില്‍ തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച തമിഴ്നാട്ടിലെ തിരുപ്പോരൂരിലുള്ള എംജി ആര് പ്രതിമയാണ് കാവി ഷാള്‍ അണിയിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി.
പ്രതിമയില്‍ കാവി ഷാള്‍ കണ്ടെത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. ഇരുമ്പ് കൂടുകൊണ്ട് സംരക്ഷിച്ചിരിക്കുന്ന പ്രതിമയില്‍ എങ്ങനെയാണ് ഷാള്‍ അണിയിച്ചതെന്ന് വ്യക്തമായിട്ടില്ല. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും തമിഴ്നാട് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ ജനക്കൂട്ടം പിരിഞ്ഞു പോവുകയായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിടാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളെ കുറിച്ച് ബി.ജെ.പി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് എഐഎഡിഎംകെ ചൂണ്ടിക്കാട്ടിയിരുന്നു.