പാർട്ടി പിടിക്കാൻ എടപ്പാടി പളനിസാമിയുടെ ശ്രമം; എഐഡിഎംകെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു
|കൗൺസിലിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എഐഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. എടപ്പാടി പളനിസാമി പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒ. പനീർ ശെൽവം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പനീർശെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു.
അതേസമയം കൗൺസിലിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത മാസം 11ന് ചേരുന്ന ജനറൽ കൗൺസിൽ പളനിസാമിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവർ പ്രഖ്യാപിച്ചു. എന്നാൽ ജനറൽ കൗൺസിൽ വീണ്ടും വിളിക്കാൻ തീരുമാനമില്ലെന്നാണ് പനീർശെൽവത്തെ പിന്തുക്കുന്നവർ പറയുന്നത്.
ജനറൽ കൗൺസിലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രീയപ്പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. നേരത്തെ തീരുമാനിച്ച 23 ഇന അജണ്ട മാത്രമേ കൗൺസിൽ ചർച്ച ചെയ്യാൻ പാടുള്ളൂവെന്ന പനീർശെൽവത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തില്ല. ഇതാണ് പാർട്ടിയെ വരുതിയിൽ കൊണ്ടുവരാൻ പളനിസാമിക്ക് സഹായകരമായത്.