കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
|രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാവ് എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ സോണിയാ ഗാന്ധിയുമായി ആന്റണി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് പിന്നിൽ ഗെഹലോട്ട് ആണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഗെഹലോട്ടിനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല. പകരം മുതിർന്ന നേതാക്കളായ കമൽനാഥ്, മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരിൽ ആരെങ്കിലും പ്രസിഡന്റ് സ്ഥാനാർഥിയാവുമെന്നാണ് വിവരം.
കമൽനാഥിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ മധ്യപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമൽനാഥ് ദേശീയ നേതൃത്വത്തിലേക്ക് വരുമോയെന്ന കാര്യവും സംശയമാണ്. ഈ സാഹചര്യത്തിൽ മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരും നേതൃത്വം പരിഗണിക്കുന്നുണ്ട്.
അതിനിടെ അശോക് ഗെഹലോട്ടിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ സച്ചിൻ പൈലറ്റ് തള്ളി. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ ഗെഹലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടെന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
Am afraid this is false news being reported. https://t.co/iiHZ1ce9KV
— Sachin Pilot (@SachinPilot) September 27, 2022