'ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നേതാവായിരുന്നയാൾ മാറിക്കൊടുക്കുമ്പോൾ എന്തിനാണ് വേദനിക്കുന്നത്'; ഗുലാം നബിക്കെതിരെ കെ.സി വേണുഗോപാൽ
|രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും കെ.സി വേണുഗോപാൽ
കോൺഗ്രസിൽ നിന്ന് രാജിവെക്കുമ്പോൾ തനിക്കെതിരെ ആരോപണം ഉന്നയിച്ച ഗുലാം നബി ആസാദിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. 'ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നേതാവായിരുന്നയാൾ മറ്റൊരാൾക്ക് മാറിക്കൊടുക്കുമ്പോൾ എന്തിനാണ് വേദനിക്കുന്നത്, ഇന്ത്യയിലൊരു കോൺഗ്രസുകാരനും വഹിക്കാത്ത പദവികൾ വഹിച്ച അദ്ദേഹം 40 വർഷത്തിന് ശേഷവും മാറിക്കൊടുക്കാൻ എന്തിനാണ് വിമുഖത കാണിക്കുന്നത്' മാധ്യമങ്ങളോട് സംസാരിക്കവേ വേണുഗോപാൽ ചോദിച്ചു. കശ്മീരിനെ വിഭജിച്ച മോദിയെ ജമ്മുകശ്മീരിന്റെ പുത്രനായ ഗുലാം നബി പുകഴ്ത്തിയെന്നും കോൺഗ്രസുകാരെന്ന നിലയിൽ തങ്ങൾക്കിത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിൽ ആദ്യമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് വോട്ടർപട്ടിക ഏത് പി.സി.സി ഓഫീസിലും ലഭിക്കുമെന്നും അത് പൊതുജനങ്ങൾക്ക് നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പത്ത് പേര് പിന്തുണയ്ക്കുന്ന ആർക്കും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നും ജനാധിപത്യത്തിന്റെ മനോഹാരിതയാണതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നെഹ്റു ട്രോഫി വള്ളംകളിയിൽ ആരെങ്കിലും എത്തുന്നതിനെ തങ്ങൾ വിമർശിക്കുന്നില്ലെന്നും എന്നാൽ ഈ സന്ദർഭത്തിൽ ചിലരെ ക്ഷണിക്കുന്നത് സംശയാസ്പദമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
AICC General Secretary KC Venugopal against Ghulam Nabi Azad