'രാഷ്ട്രീയനീക്കം വിലയിരുത്തണം'; കർണാടകയിലേക്ക് മൂന്ന് എഐസിസി നിരീക്ഷകർ
|മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് സംഘത്തിലുള്ളത്
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നതിന് എഐസിസി മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിക്കും.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് സംഘത്തിലുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് നിയമിച്ച സംഘമാണിത്.
മൂന്ന് നിരീക്ഷകരും ഇതിനോടകം തന്നെ കർണാടകയിൽ എത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം ഇവർ എംഎൽഎമാരുടെ തീരുമാനങ്ങളും മറ്റും നിരീക്ഷിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. വൈകുന്നേരമാണ് യോഗം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നീളുമെന്നാണ് ലഭിക്കുന്ന സൂചനകൾ.